എന്നിൽനിന്ന് ഗുരുദീക്ഷയും ഗുരുആശ്രയവും സ്വീകരിച്ചിട്ടുള്ള പ്രിയശിഷ്യരും അതിനായി തയ്യാറെടുക്കുന്നവരും എന്റെ ശിക്ഷണങ്ങൾ സ്വീകരിക്കുന്നവരും പ്രശിഷ്യരും അഭ്യുദയകാംക്ഷികളും അറിയുന്നതിന്

എല്ലാവരും എന്റെ അനുഗ്രഹങ്ങളും ആശംസകളും സ്വീകരിച്ചാലും.
ശ്രീല പ്രഭുപാദർക്ക് സ്തുതികൾ

ആസ്ഥാനം: ശ്രീ മായാപൂർ ചന്ദ്രോദയമന്ദിരം
നിലവിലെ താമസം: ക്വാലാലംപൂർ

തീയതി: 2026 ഏപ്രിൽ 17

പ്രധാന സംഭവങ്ങൾ

ശ്രീ മായാപൂർ ധാമത്തിലെ വ്യാസപൂജാച്ചടങ്ങുകൾ കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം ഇസ്കോൺ ഇന്ത്യ ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി ഞങ്ങൾ മുംബൈയിലേക്ക് യാത്രതിരിച്ചു. കഴിഞ്ഞ ഡിസംബറിൽ മുംബൈ സന്ദർശിച്ചപ്പോൾ ഞാൻ ഇസ്കോൺ ഖാർഘറിലാണ് താമസിച്ചിരുന്നത്. ഏപ്രിലിൽ വരുമ്പോൾ ഇസ്കോൺ ജൂഹുവിൽ താമസിക്കാമെന്ന് അന്ന് ജൂഹുവിലെ ഭക്തരോട് വാഗ്ദാനം ചെയ്തിരുന്നു. അതിനാൽ ഇത്തവണ ഒരാഴ്ച ഇസ്കോൺ ജൂഹുവിൽ താമസിച്ചു. അവിടെ ക്ലാസുകൾ നല്കുകയും ഒരു ദീക്ഷാച്ചടങ്ങ് നടത്തുകയും ചെയ്തു.

വിശാഖപട്ടണത്തുള്ള ഭക്തർ ചില പ്രചാരണ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നതിനാൽ ഏപ്രിൽ 7ന് ഞങ്ങൾ മുംബൈയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോയി. അവിടെ എന്റെ പ്രിയ ശിഷ്യരായ സാംബദാസ അധികാരിയുടെയും നിതായിസേവിനിദേവി ദാസിയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ക്ഷേത്രനിർമ്മാണത്തിന്റെ പുരോഗതിയും വിവിധ പ്രചാരണ പ്രവർത്തനങ്ങളും കാണാൻ കഴിഞ്ഞു. അത് വളരെ പ്രചോദനകരമായിരുന്നു. അവർ ഇ.ഐ.ഡി.സി അഥവാ ഈസ്റ്റ് ഇന്ത്യ ഡിവിഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്രഹ്മചാരി സംഗോത്സവത്തിൽ ഞാൻ രണ്ടു പ്രാവശ്യം ബ്രഹ്മചാരികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൂടാതെ നഗരസങ്കീർത്തനവും ഭജന ക്ലബ്ബിംഗും ഉണ്ടായിരുന്നു.

അവിടെനിന്ന് ഞങ്ങൾ ഏപ്രിൽ 11-ന് ചെന്നൈയിലേക്കും ഏപ്രിൽ 15-ന് രാധാകൃഷ്ണ വിഗ്രഹത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിനായി ക്വാലാലംപൂരിലേക്കും യാത്ര ചെയ്തു.

വിശാഖപട്ടണത്തിലും ചെന്നൈയിലും “ഭജന ക്ലബ്ബിംഗ്” പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യ മുഴുവൻ ഈ പരിപാടി നടന്നുവരുന്നുണ്ട്. മുംബൈയിലും സമാനമായ ഒരു പരിപാടി നടത്തിയിരുന്നു. ചിലർ നാമസങ്കീർത്തനം ചെയ്യുകയും മറ്റു ചിലർ പാടി നൃത്തം വെക്കുകയും ചെയ്യുന്നു. പാശ്ചാത്യ വാദ്യോപകരണങ്ങളും സങ്കീർത്തനത്തിൽ ഉപയോഗിക്കുന്നുണ്ട്. ആനന്ദചിത്തരായി പാടാനും ആടാനുമായി കർമ്മികളായ ആളുകൾപോലും പണം മുടക്കി ഈ സങ്കീർത്തനത്തിൽ പങ്കെടുക്കുന്നുവെന്നത് അതിശയകരമായ കാര്യമാണ്. വിശാഖപട്ടണത്തിൽ 2000 ത്തിലധികം ആളുകളും ചെന്നൈയിൽ 1850 പേരും പണം മുടക്കി ഈ പരിപാടിയിൽ പങ്കെടുക്കുകയും ഹരേകൃഷ്ണ മഹാമന്ത്രം ജപിച്ച് നൃത്തം ചെയ്യുകയും പ്രസാദം സ്വീകരിക്കുകയും ചെയ്തു.

പശ്ചിമേഷ്യയിൽ യുദ്ധം നടക്കുകയാണ്. വളരെ അപകടകരമായ സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത്തരത്തിൽ എല്ലാവരുമൊന്നിച്ച് കൂട്ടത്തോടെയുള്ള നാമസങ്കീർത്തനം മാത്രമാണ് ഏക പ്രതീക്ഷ. അങ്ങനെ ചെയ്താൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് നാമാമൃതത്തിലെ 20-ാം അധ്യായത്തിൽ ഞാൻ വായിച്ചു.

എന്റെ കാര്യപരിപാടികൾ വളരെ തിരക്കേറിയതാണെന്നാണ് ആരോഗ്യസംഘം പറയുന്നത്. എന്നാൽ നിഷ്ക്രിയനായിരിക്കാൻ ഞാനാഗ്രഹിക്കുന്നില്ലെന്നും കൃഷ്ണാവബോധപ്രചാരണവും ഒപ്പം ചികിത്സയും സന്തുലിതമായി കൊണ്ടുപോകണമെന്നും ഞാൻ അവരോട് പറഞ്ഞു.

ശ്രീല പ്രഭുപാദരുടെ സന്ദേശം

ആത്മീയഗുരുവിന്റെ കടമകളെക്കുറിച്ച് ശ്രീല പ്രഭുപാദർ പല സ്ഥലങ്ങളിലും
പ്രതിപാദിച്ചിട്ടുണ്ട്. ശ്രീമദ് ഭാഗവതം 5.5.18 ന്റെ ഭാവാർത്ഥത്തിൽ അദ്ദേഹം പറയുന്നത് “ജനനമരണചക്രത്തിൽ നിന്ന് ശിഷ്യരെ രക്ഷിക്കാൻ കഴിയാത്ത ഒരു വ്യക്തി ആത്മീയഗുരു ആകരുത്” എന്നാണ്.

“തന്റെ ആശ്രിതരെ ജനനമരണചക്രത്തിൽ നിന്ന് രക്ഷിക്കാനാവാത്ത വ്യക്തി ഒരിക്കലും ഒരു ഗുരുവോ പിതാവോ ഭർത്താവോ മാതാവോ ആരാധ്യദേവനോ ആവരുത്”
(ശ്രീമദ് ഭാഗവതം 5.5.18)

ദീക്ഷ നല്കുന്നതിനു മുൻപ് ശിഷ്യരാകാനെത്തിയവർ ഭക്തിയുതസേവനനിർവ്വഹണത്തെ എത്രമാത്രം ഗൗരവമായി കണക്കാക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതും അവരെ ഭക്തിയുതസേവനത്തിൽ ശരിയായ രീതിയിൽ ഏർപ്പെടുത്തുകയും ചെയ്യേണ്ടത് ആത്മീയഗുരുവിന്റെ കടമയാണ്.

ശിഷ്യർ ആത്മീയജീവിതത്തിൽ വളരെ നന്നായി പുരോഗതി കൈവരിക്കുമ്പോൾ “എന്റെ ശിഷ്യർ അവരുടെ ആത്മീയജീവിതം എത്ര വിജയകരമാക്കിയിരിക്കുന്നു” വെന്ന് ചിന്തിച്ച് ആത്മീയഗുരു ആനന്ദഭരിതനായി പുഞ്ചിരിക്കും. “ഒരു പിഞ്ചുകുഞ്ഞ് നിലത്തിഴയാനോ എഴുന്നേറ്റ് നില്കാനോ പരിശ്രമിക്കുന്നത് അവന്റെ മാതാപിതാക്കൾ ആസ്വദിക്കുകയും അത് കണ്ട് അവർ സന്തോഷിക്കുകയും ചെയ്യുന്നതുപോലെ തന്റെ ശിഷ്യരുടെ ആത്മീയപുരോഗതി ഗുരു പുഞ്ചിരിയോടെ കണ്ടാസ്വദിക്കുകയും ആനന്ദിക്കുകയും ചെയ്യും” (ശ്രീ ചൈതന്യചരിതാമൃതം ആദിലീല 7.18, ഭാവാർത്ഥം)

നിങ്ങൾക്കായുള്ള എന്റെ സന്ദേശം

50,000 ശിഷ്യരെ ഉണ്ടാക്കണമെന്നാണ് ശ്രീല പ്രഭുപാദർ എന്നോട് പറഞ്ഞത്. അത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് ഞാൻ കരുതി. പക്ഷേ വാസ്തവത്തിൽ ശിഷ്യരെയെല്ലാം ജനനമരണചക്രത്തിൽ നിന്ന് മോചിപ്പിക്കണമെന്ന ഉത്തരവാദിത്വം അതീവ സങ്കീർണ്ണവും ഭാരിച്ചതുമാണ്.

എന്നിൽ നിന്ന് ദീക്ഷ സ്വീകരിച്ച എല്ലാ ഭക്തരെയും കുറഞ്ഞപക്ഷം ഭൗതികബന്ധനത്തിൽനിന്ന് മോചിപ്പിക്കുകയെങ്കിലും ചെയ്യണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ഈ ചിന്ത കാരണം രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിയാറില്ല. എല്ലാ ശിഷ്യരും മോചിതരായി, ഈ ജീവിതാന്ത്യത്തിൽത്തന്നെ ശ്രീ ചൈതന്യഭഗവാന്റെ, ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളെ പ്രാപിക്കുന്നത് എനിക്ക് കാണണം.

അത് സാധ്യമാക്കുന്നതിനായുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് ഞാൻ സദാ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളെല്ലാവരും എന്നെ അനുസരിക്കുകയും എന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും കൃഷ്ണബോധമുള്ളവരായിരിക്കുകയും ഭക്തിയുതസേവനത്തിൽ വളരെ ഗൗരവമുള്ളവരായിരിക്കുകയും വൈഷ്ണവന്മാരും വൈഷ്ണവിമാരും ആയിരിക്കുകയും യോഗികളും യോഗിനികളുമായിരിക്കുകയും വേണം. നാം മായയ്‌ക്കെതിരെ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. ഭക്തിയോഗത്തിലേർപ്പെട്ടുകൊണ്ടാണ് നാം മായയോട് യുദ്ധം ചെയ്യുന്നത്. ഈ ദൗത്യം നാം വളരെ ഗൗരവമായി ഏറ്റെടുക്കേണ്ടതുണ്ട്. അതുകൊണ്ട് നാമജപം, ഭക്തിയുതസേവനം, ധനസഹായം, പരസ്പര സഹകരണം, ഇസ്കോണിൽ നിലകൊള്ളുക തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് സമീപകാലത്ത് എന്റെ വ്യാസപൂജയ്ക്കിടെ ഞാൻ സംസാരിച്ചിരുന്നു. എന്നാൽ ഭക്തരെ കൂടുതൽ കൃഷ്ണാവബോധമുള്ളവരാക്കുന്ന തരത്തിൽ എങ്ങനെ വളർത്തിയെടുക്കാമെന്നും ഈ ജീവിതത്തിനൊടുവിൽത്തന്നെ അവർക്ക് എങ്ങനെ ശ്രീകൃഷ്ണ ഭഗവാനെ പ്രാപിക്കാനാകുമെന്നുമാണ് ഞാൻ ചിന്തിക്കുന്നത്. ഇത് സാധ്യമാക്കാൻ നിങ്ങളെല്ലാവരും വളരെ കാര്യഗൗരവത്തോടുകൂടി പ്രവർത്തിക്കണം.

ഇത് എനിക്കുമാത്രം ചെയ്യാൻ കഴിയുന്ന കാര്യമല്ല. നിങ്ങളുംകൂടി പരിശ്രമിക്കേണ്ടതുണ്ട്. നിങ്ങൾ മുടങ്ങാതെ നാമം ജപിക്കുകയും ഭക്തിയുതസേവനം അനുഷ്ഠിക്കുകയും
ശ്രീല പ്രഭുപാദരുടെ ഗ്രന്ഥങ്ങൾ വായിക്കുകയും ഭഗവാന് പൂർണ്ണസമർപ്പിതരാകുകയും വേണം. എന്റെ എല്ലാ ശിഷ്യരും മറ്റ് ഭക്തരും ജനനമരണങ്ങളിൽ നിന്ന് മോചിതരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും വളരെ പ്രധാനപ്പെട്ട ഒരു സേവനമാണ്. എല്ലാവർക്കും ആത്മീയലോകത്തിലെത്തി ഭഗവാന്റെ പാദകമലങ്ങളെ പ്രാപിക്കാനാകും. അതിനായി ചൈതന്യഭഗവാന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും ഈ പ്രസ്ഥാനത്തെ വളരെ ഗൗരവമായി സ്വീകരിക്കുകയും ചെയ്താൽ ശ്രീല പ്രഭുപാദർ പറഞ്ഞിട്ടുള്ളതുപോലെ ഈ ജന്മത്തിൽത്തന്നെ നിങ്ങൾക്ക് കൃഷ്ണലോകത്തിലേക്ക് മടങ്ങിപ്പോകാനാകും.

ഈ ജീവിതത്തിൽത്തന്നെ പൂർണ്ണമായും കൃഷ്ണബോധമുള്ളവരായിത്തീരണമെന്ന് ഓരോ ശിഷ്യരും എത്രമാത്രം ഗൗരവമായി കരുതുന്നുണ്ടെന്ന് എനിക്ക് പരിശോധിക്കേണ്ടതുണ്ട്. അതിനായി ഞാൻ പ്രാദേശിക നേതാക്കളുടെ ശുപാർശയെ ആശ്രയിക്കുകയാണ്. കൂടാതെ എല്ലാ ശിഷ്യരും ഞാൻ പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും വേണം. നിങ്ങളെ മോചിപ്പിക്കാൻ എനിക്ക് അത് അത്യന്താപേക്ഷിതമാണ്.

പ്രചോദനാത്മക സംഭവങ്ങൾ

വിശാഖപട്ടണത്തെ ഇസ്കോൺ സന്ദർശനവേളയിൽ സാംബദാസ് അധികാരിയുടെയും നിതായിസേവിനി ദേവി ദാസിയുടെയും സേവനങ്ങൾ കണ്ടപ്പോൾ കൃഷ്ണബോധമുള്ള ദമ്പതികൾക്ക് ഇസ്കോണിൽ ഇത്രയധികം സേവനങ്ങൾ ചെയ്യാൻ കഴിയുമോ എന്ന് ഞാൻ ചിന്തിച്ചുപോയി. ബൃഹത്തായ സേവനമാണ് അവർ രണ്ടുപേരും ചെയ്യുന്നത്. നിതായ്സേവിനിദേവി ദാസി അഞ്ച് ഭാഷകളിൽ പ്രചാരണം ചെയ്യുന്നുണ്ട്. കൂടാതെ ക്ഷേത്രം നടത്തിപ്പിൽ ഭർത്താവിനെ സഹായിക്കുകയും ചെയ്യുന്നു. ഇതിനിടെ പി.എച്ച്.ഡിയും ഭക്തിവേദാന്ത ബിരുദവും നേടി. “ഡിവൈൻ ടച്ച് സ്കൂളിന്റെ” സ്ഥാപകയും പ്രിൻസിപ്പലുമാണ് അവർ. അതായത് അവർ ക്ഷേത്രമേധാവിയുടെ പത്നി എന്നതിനപ്പുറം വിദ്യാഭ്യാസ സേവനം കൂടി അനുഷ്ഠിക്കുന്നു. കൂടാതെ അവർ കുറച്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാംബദാസ് ഭക്തിവൈഭവ കഴിഞ്ഞ് ഇപ്പോൾ ഭക്തിവേദാന്ത പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കൃഷ്ണാവബോധമുള്ള ഒരു ഭാര്യയും ഭർത്താവും ഒരുമിച്ച് ഇത്രയധികം സേവനങ്ങൾ ചെയ്യുന്നത് കാണുക വളരെ പ്രചോദനകരമായ കാര്യമാണ്.

നിങ്ങൾ നല്ല ആരോഗ്യത്തോടുകൂടിയും ആനന്ദപൂർണ്ണമായ കൃഷ്ണബോധത്തോടുകൂടിയും ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു.

എപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷിയായ,

ജയപതാകസ്വാമി ജെ.പി.എസ്/ആർ.ആർ.എസ്.ഡി.ബി