
എന്നിൽനിന്ന് ഗുരുദീക്ഷയും ഗുരുആശ്രയവും സ്വീകരിച്ചിട്ടുള്ള പ്രിയശിഷ്യരും അതിനായി തയ്യാറെടുക്കുന്നവരും എന്റെ ശിക്ഷണങ്ങൾ സ്വീകരിക്കുന്നവരും പ്രശിഷ്യരും അഭ്യുദയകാംക്ഷികളും അറിയുന്നതിന്
എല്ലാവരും എന്റെ അനുഗ്രഹങ്ങളും ആശംസകളും യഥോചിതം സ്വീകരിച്ചാലും.
ശ്രീല പ്രഭുപാദർക്ക് സ്തുതികൾ
ആസ്ഥാനം: ശ്രീ മായാപൂർ ചന്ദ്രോദയമന്ദിരം
നിലവിലെ താവളം: ഡാലസ്
തീയതി: 2026 മെയ് 15
പ്രധാന വാർത്തകൾ
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ അമേരിക്കയിൽ എത്തിയിരിക്കുകയാണ്. ഡൽഹിയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽവെച്ച് നരസിംഹ ചതുർദശി മഹോത്സവം ആഘോഷിച്ചതിന് ശേഷം മെയ് 7 ന് ഞങ്ങൾ യുകെയിലേക്ക് യാത്ര തിരിച്ചു. ഞാൻ ഒരു ദീർഘയാത്ര നടത്തിയിട്ട് മൂന്ന് വർഷമായി. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ദൈർഘ്യമേറിയ മറ്റൊരു പാതയിലൂടെയാണ് വിമാനം സഞ്ചരിച്ചത്. അതിനാൽ യുകെയിൽ എത്താൻ ഒമ്പത് മണിക്കൂർ വേണ്ടിവന്നു.
ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ഏകദേശം നാനൂറോളം ഭക്തർ ചേർന്ന് ഉച്ചത്തിൽ “ഗൗരംഗാ! ഹരിബോൽ!” എന്ന ആരവത്തോടുകൂടി എന്നെ സ്വീകരിച്ചു. പോലീസും വിമാനത്താവള അധികൃതരും ഭക്തരെ തടയാൻ ശ്രമിക്കുകയും എന്നെ താഴത്തെ കാർ പാർക്കിലേക്ക് പോകാനും വിമാനത്താവളത്തിൽ നിന്ന് സാധാരണ രീതിയിൽ പുറത്തുകടക്കാനും അനുവദിക്കുകയും ചെയ്തില്ല. ലിഫ്റ്റിലൂടെ ഞാൻ മുകളിലത്തെ നിലയിലെ ലോഞ്ചിലേക്ക് കയറിയപ്പോൾ അവരും മുകളിലെത്തുകയും അഞ്ചാം നിലയിലൂടെ രഹസ്യമായി പോകണമെന്ന് എന്നോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. വിശിഷ്ട വ്യക്തികൾ, ഫുട്ബോൾ താരങ്ങൾ, സിനിമാ താരങ്ങൾ പോലെയുള്ള ആർക്കും ഇത്തരത്തിലുള്ള സ്വീകരണം ലഭിക്കുന്നില്ല. അത്യധികം ആവേശഭരിതരായിരുന്ന ഭക്തർ അവിടെയുണ്ടായിരുന്ന പോലീസുകാരെയോ മറ്റുള്ളവരെയോ വകവെച്ചില്ല! അവർ ഹരിബോൽ എന്ന് പാടി നൃത്തം വെച്ചു! യുകെയിൽ പ്രചാരണം ഇത്രയധികം വികസിച്ചതിൽ എനിക്ക് വളരെ സന്തോഷം തോന്നി. യുകെയിൽ ഇത്രയധികം ഭക്തർ ചേർന്ന് എന്നെ സ്വീകരിച്ചത് ഇതാദ്യമായിരുന്നു.
വിമാനത്താവളത്തിൽ നിന്ന് ഞങ്ങൾ ബർമിംഗ്ഹാമിലേക്ക് പോയി, അവിടെ 3 ദിവസം താമസിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്കായി അവിടെ ഒരു ദീക്ഷാ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കൂടാതെ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന കീർത്തനോത്സവത്തിലും ഞങ്ങൾ പങ്കെടുത്തു. ആനന്ദവും ആവേശവും നിറഞ്ഞ ഒരു പരിപാടിയായിരുന്നു അത്!
മെയ് 11-ാം തീയതി എനിക്ക് യുഎസിൽ എത്തേണ്ടിയിരുന്നതിനാൽ അന്ന് ലണ്ടനിൽ നിന്ന് ഡാലസിലേക്ക് മറ്റൊരു പത്ത് മണിക്കൂർ നീണ്ട വിമാനയാത്ര നടത്തി. സർവജയ മാധവദാസിന്റെയും കുടുംബത്തിന്റെയും വസതിയിലായിരുന്നു താമസം ഒരുക്കിയിരുന്നത്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്യേണ്ടതിനാൽ ആശുപത്രിയിൽ പോകാതെ എന്റെ മുറിയിൽത്തന്നെ ഡയാലിസിസ് നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കൃഷ്ണൻ അനുവദിച്ചാൽ ന്യൂ ഓർലാൻസിലെ സാധുസംഗ റിട്രീറ്റിലും അറ്റ്ലാന്റയിലെ പാനിഹട്ടി മഹോത്സവത്തിലും ന്യൂയോർക്കിലെ രഥയാത്രയിലും പങ്കെടുക്കാൻ ഞാൻ പദ്ധതിയിട്ടിട്ടുണ്ട്. യുഎസിലെ മറ്റ് നിരവധി ക്ഷേത്രങ്ങളിൽ നിന്നും എനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അതിലെല്ലാം പങ്കെടുക്കുന്നത് എന്റെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കും.
ശ്രീല പ്രഭുപാദർ എനിക്ക് നൂറിലധികം കത്തുകൾ എഴുതിയിട്ടുണ്ട്. അതിൽ 1972 ൽ എഴുതിയ ഒരു കത്തിനെക്കുറിച്ച് ഈയടുത്തിടെ ശ്യാമരസിക ദാസ് എന്നെ ഓർമ്മിപ്പിച്ചു. ആ കത്തിൽ ഇസ്കോണിലെ പ്രചാരണത്തെക്കുറിച്ച് എനിക്കും എല്ലാ ജിബിസികൾക്കും വേണ്ടി നിരവധി പ്രധാന നിർദ്ദേശങ്ങൾ ശ്രീല പ്രഭുപാദർ നൽകിയിട്ടുണ്ട്. എല്ലാത്തരം മതങ്ങളെയും മതവിശ്വാസികളെയും ഒന്നിപ്പിക്കുക, ബംഗാളിഭാഷയിൽ പുസ്തകങ്ങൾ അച്ചടിക്കുക, സാരസ്വതകുടുംബത്തെ ഒന്നിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആ കത്തിൽ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. വിപുലമായി പ്രചാരണം നടത്താനുള്ള കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്നുണ്ടെങ്കിൽ എന്റെ കനേഡിയൻ പൗരത്വം ഉടൻതന്നെ ശരിയാക്കണമെന്നും കത്തിൽ ശ്രീല പ്രഭുപാദർ നിർദ്ദേശിച്ചു. തുടർന്ന് ശ്രീല പ്രഭുപാദർ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, “നീ ഒരു സന്യാസിയാണ്, അതിനാൽ ഈ രീതിയിൽ പ്രചാരണം ചെയ്യുകയും ഒരു പരിവ്രാജകാചാര്യനായിത്തീരുകയും ചെയ്യുക”. ഇത്തരത്തിൽ ശ്രീല പ്രഭുപാദർ എനിക്ക് നൽകിയ നാനാപ്രകാരത്തിലുള്ള നിർദ്ദേശങ്ങളെക്കുറിച്ച് ഞാൻ നിരന്തരം ചിന്തിക്കുകയും അവയെല്ലാം നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. എന്റെ ശരീരത്തിന് ഇപ്പോൾ ഒരു പരിധിവരെ മാത്രമേ ചെയ്യാൻ കഴിയൂ എങ്കിലും ഞാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്! അനുയായികളുടെ സഹായത്തോടുകൂടി പ്രവർത്തിക്കാൻ ശ്രീല പ്രഭുപാദർ പറഞ്ഞെങ്കിലും ആദ്യമൊക്കെ എനിക്കതിന് കഴിഞ്ഞില്ല. പക്ഷേ ഇപ്പോൾ അതല്ലാതെ എനിക്ക് മറ്റ് മാർഗ്ഗമില്ല.
ശ്രീല പ്രഭുപാദരുടെ സന്ദേശം
“സമാധി അവസ്ഥ കൈവരിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം. അതായത് മനസ്സ് പരമപുരുഷനിൽ ഉറപ്പിച്ചിരിക്കണം. സദാ അസ്വസ്ഥമായിരിക്കുക എന്നത് മനസ്സിന്റെ സ്വഭാവമാണ്. ആ നിലക്ക് കൂടുതൽ അസ്വസ്ഥമാകാനുള്ള കൃത്രിമമായ പ്രചോദനങ്ങൾ കൂടി മനസ്സിന് നൽകിയാൽ സമാധി എന്ന അവസ്ഥ എങ്ങനെ കൈവരിക്കും? അങ്ങനെയൊരു കാര്യമേ സാധ്യമല്ല. അങ്ങനെയുള്ളവർക്ക് മനസ്സിനെ ഏകാഗ്രമാക്കുക എന്നതുപോലും ഒരിക്കലും
സാധ്യമാകുന്ന കാര്യമല്ല. ഈ യുഗത്തിൽ ഹരേകൃഷ്ണ മഹാമന്ത്രജപം മാത്രമല്ലാതെ മറ്റൊരു പ്രക്രിയയും വിജയിക്കുകയില്ല. ഹരേകൃഷ്ണ മഹാമന്ത്രം ജപിക്കുന്നത് കേൾക്കാനിടവരുന്ന ഒരാളുടെ മനസ്സ് ഉടൻതന്നെ അതിലേക്ക് ആകർഷിക്കപ്പെടുകയും അവർ ആരായാലും ഏതവസ്ഥയിലായാലും ഒപ്പം ചേർന്ന് നാമം ജപിക്കുകയും ചെയ്യും. നാമോച്ചാരണം ഏറ്റവും ലളിതമായ പ്രക്രിയയാണ്. ശ്വസനവ്യായാമങ്ങളോ ആസനമുറകളോ പരിശീലിക്കാനായി പ്രത്യേകം സമയം കളയേണ്ടതില്ല, കാരണം ഈ യുഗത്തിൽ അവയൊന്നും ഫലപ്രദമല്ല. “ഇവിടെ വന്ന് ഞങ്ങളോടൊപ്പം ചേർന്ന് ഹരേകൃഷ്ണ മഹാമന്ത്രജപത്തിൽ പങ്കുചേരാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. വളരെ പെട്ടെന്ന് നിങ്ങൾ ആത്മീയമായി പുരോഗതി പ്രാപിക്കുമെന്ന കാര്യം തീർത്തും സത്യമാണ്. ഒരു വ്യക്തിയുടെ ആത്മീയോന്നതിക്ക് ഈ യുഗത്തിൽ മറ്റൊരു ബദൽ പ്രക്രിയയില്ല”
1968 ഡിസംബർ 13, ന് ലോസ് ഏഞ്ചൽസിൽവെച്ച് ഭഗവദ്ഗീത 2.40-45 നെ ആധാരമാക്കി നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഉദ്ധരണിയാണിത്.
“ഹരേകൃഷ്ണ മഹാമന്ത്രം ജപിക്കുകയല്ലാതെ (കലൗ) ഈ കലി യുഗത്തിൽ (നാസ്തി ഏവ, നാസ്തി ഏവ, നാസ്തി ഏവ) മറ്റൊരു ഗത്യന്തരവുമില്ല, മറ്റൊരു ഗത്യന്തരവുമില്ല, മറ്റൊരു ഗത്യന്തരവുമില്ല. ഏറ്റവും ലളിതമായ
ഈ ഭക്തിയോഗപ്രക്രിയ സ്വീകരിക്കുകയാണെങ്കിൽ നിങ്ങൾക്ക്
ഉടനടി ഫലം ലഭിക്കും. ‘പ്രത്യക്ഷാവഗമം ധർമ്യം’. മറ്റേതെങ്കിലും യോഗപ്രക്രിയ സ്വീകരിക്കുകയാണെങ്കിൽ നിങ്ങൾ ഇരുട്ടിലാകും. അതായത് നിങ്ങൾ എത്രത്തോളം ആത്മീയപുരോഗതി കൈവരിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് സ്വയം മനസ്സിലാക്കാൻ കഴിയുകയില്ല. എന്നാൽ ഈ മാർഗ്ഗം അനുവർത്തിച്ചാൽ നിങ്ങൾക്കത് മനസ്സിലാകും. ‘അതെ, ഞാൻ വളരെയധികം പുരോഗതി കൈവരിക്കുന്നുണ്ട്’ എന്ന് നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയും. ആത്മസാക്ഷാത്കാരത്തിനും ഭൗതികബന്ധനത്തിൽ നിന്നുള്ള മോചനത്തിനും വേണ്ടി പരിശീലിക്കുന്നവർക്ക് ഈ ജന്മത്തിൽത്തന്നെ ഉടനടി ഫലപ്രാപ്തി നേടാൻ കഴിയുന്ന ഒരേയൊരു യോഗമാർഗ്ഗം ഈ ഭക്തിയോഗപ്രക്രിയയാണ്. മറ്റൊരു ജന്മം വരെ കാത്തിരിക്കേണ്ടി വരില്ല. കൃഷ്ണാവബോധം ഏറ്റവും മികച്ചതാണ്”
(1969 ഫെബ്രുവരി 19ന് ലോസ് ഏഞ്ചൽസിൽവെച്ച്
ഭഗവദ്ഗീത 6.30-34 അടിസ്ഥാനപ്പെടുത്തി നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഉദ്ധരണി)
എന്റെ സന്ദേശം
ഈ പ്രക്രിയ ഗൗരവമായി എടുക്കണമെന്നും എല്ലാവരും ഭക്തിയോഗികളും ഭക്തിയോഗിനികളുമായിത്തീരണമെന്നുമാണ് ഭക്തരോട് ഞാൻ വീണ്ടും വീണ്ടും അഭ്യർത്ഥിക്കുന്നത്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ / ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്ന് ജപിച്ചുകൊണ്ട് നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്തണം. നിരന്തരം നാമജപത്തിൽ ഏർപ്പെട്ടാൽ ആത്മീയലോകത്തിലേക്കുള്ള നിങ്ങളുടെ പ്രവേശനം ഉറപ്പാണ്. ഭൗതികശക്തി അഥവാ മായയുമായി നാം യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്.
അതിശ്രേഷ്ഠമായ പുരുഷോത്തമമാസം മെയ് 17 ന് ആരംഭിക്കുകയാണ്. പുരുഷോത്തമമാസം തന്നിൽ നിന്ന് വിഭിന്നമല്ലെന്ന് ഭഗവാൻ കൃഷ്ണൻ അംഗീകരിച്ചിരിക്കുന്നു. പുരുഷോത്തമമാസത്തിനായി സി.ഡി.എം (സഭാ വികസന മന്ത്രാലയം) ഒരു പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. പുരുഷോത്തമമാസ ചലഞ്ച് എന്ന ഒരു പരിപാടിയും അവർ സംഘടിപ്പിച്ചിട്ടുണ്ട്. നിങ്ങൾ ഇതുവരെ ആ ചലഞ്ചിൽ ചേർന്നിട്ടില്ലെങ്കിൽ purusottamachallenge.com എന്ന വെബ്സൈറ്റിലൂടെഇപ്പോൾ തന്നെ പങ്കുചേരാവുന്നതാണ്. ദാമോദരമാസത്തിൽ ഒരാൾക്ക് നൂറിരട്ടി ഫലം ലഭിക്കുമെങ്കിൽ പുരുഷോത്തമമാസത്തിൽ ആയിരം മടങ്ങാണ് ഫലപ്രാപ്തി! ഗൃഹപ്രവേശനച്ചടങ്ങുകൾ വിവാഹങ്ങൾ തുടങ്ങിയ ഭൗതികമായ ശുഭകാര്യങ്ങൾക്ക് ഈ മാസം അനുയോജ്യമല്ല. എന്നാൽ അതീന്ദ്രിയമായ ഭക്തിയുതസേവനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. അതുകൊണ്ട് എല്ലാവരും ഈ മാസം പൂർണ്ണമായി പ്രയോജനപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
പ്രചോദനാത്മകമായ കഥകൾ
ഞാൻ യുകെയിൽ ആയിരുന്നപ്പോൾ ബർമിംഗ്ഹാമിൽവെച്ച് നടന്ന 24 മണിക്കൂർ കീർത്തനോത്സവ ത്തിൽ നാലായിരത്തിലധികം ഭക്തരാണ് നാമസങ്കീർത്തനത്തിൽ പങ്കെടുത്തത്. ഭജൻക്ലബ്ബിംഗ് എന്ന പരിപാടിയിലൂടെയുള്ള പ്രചാരണശൈലിയെക്കുറിച്ച് ഇതിനുമുമ്പ് ഞാൻ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ ഈ 24 മണിക്കൂർ ദൈർഘ്യമുള്ള കീർത്തനോത്സവത്തിൽ പങ്കെടുത്തവരെല്ലാവരും നിറഞ്ഞ ആനന്ദത്തോടുകൂടി കീർത്തനാലാപനവും നൃത്തവും ചെയ്യുന്നത് ഞാൻ കണ്ടു. എന്റെ ശിഷ്യനായ ജഗന്നാഥ കീർത്തനാനന്ദദാസ് ഭജൻക്ലബ്ബിംഗിന് സമാനമായ ഒരു പരിപാടി നടത്തുന്നുണ്ടെന്ന് ഞാനറിഞ്ഞു. അദ്ദേഹം നിരവധി കീർത്തന റിട്രീറ്റുകൾ സംഘടിപ്പിക്കുന്നുണ്ട്. അതിൽ എല്ലാത്തരം മതവിശ്വാസങ്ങളിൽ നിന്നുമുള്ള നിരവധി ആളുകൾ ഒത്തുചേർന്ന് ഹരേകൃഷ്ണമഹാമന്ത്രം ജപിക്കുകയും ചെയ്യുന്നുണ്ട്. യുകെയിലെ യൂണിറ്റേറിയൻ യൂണിവേഴ്സലിസ്റ്റ് പള്ളികളിൽ നിന്നുള്ളവർ അദ്ദേഹത്തിന്റെ പരിപാടികളിൽ പങ്കെടുക്കാനായി വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ചില ആംഗ്ലിക്കൻ വംശജരും അദ്ദേഹത്തിന്റെ പരിപാടികളിൽ പങ്കെടുത്ത് കീർത്തനവും നൃത്തവും ചെയ്യാനെത്തുന്നു. അതിനാൽ എല്ലാവരും അവരവരുടെ രാജ്യത്ത് ഇത്തരത്തിലുള്ള ഔട്ട്റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കണമെന്ന് ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്.
ഇംഗ്ണ്ടിലെ ലണ്ടൻ, ബർമിംഗ്ഹാം, ഈസ്റ്റ് ലണ്ടൻ, ന്യൂകാസിൽ, റെഡിംഗ്, ലീസെസ്റ്റർ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ഭക്തർ ഒത്തൊരുമിച്ച് പ്രചാരണ പരിപാടികൾ നടത്തുന്നുണ്ട്. ഈ ഭക്തരെല്ലാം പല കമ്പനികളിൽ മുഴുവൻ സമയ ജോലിക്കാരായി വർത്തിക്കുന്നവരാണ്. അതേസമയം ഭഗവാൻ ശ്രീ ചൈതന്യമഹാപ്രഭുവിന്റെ സങ്കീർത്തനപ്രസ്ഥാനം പ്രചരിപ്പിക്കുന്നതിനായി അവരുടെ സമയവും പണവും ഊർജ്ജവും സമർപ്പിക്കുകയും ചെയ്യുന്നു. ഇതാണ് യഥാർത്ഥ കെ.സി.ഡി.വി അഥവാ കൃഷ്ണാവബോധ ദൈവ വർണ്ണാശ്രമം!
നിങ്ങളെല്ലാവരും നല്ല ആരോഗ്യത്തോടുകൂടിയും ആനന്ദപൂർണ്ണമായ കൃഷ്ണാവബോധത്തോടുകൂടിയുമിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
എപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷിയായ
ജയപതാകസ്വാമി
ജെ.പി.എസ്/ആർ.ആർ.എസ്.ഡി.ബി