
എന്നിൽനിന്ന് ഗുരുദീക്ഷയും ഗുരുആശ്രയവും സ്വീകരിച്ചിട്ടുള്ള പ്രിയശിഷ്യരും അതിനായി തയ്യാറെടുക്കുന്നവരും എന്റെ ശിക്ഷണങ്ങൾ സ്വീകരിക്കുന്നവരും പ്രശിഷ്യരും അഭ്യുദയകാംക്ഷികളും അറിയുന്നതിന്
എല്ലാവരും എന്റെ അനുഗ്രഹങ്ങളും ആശംസകളും യഥോചിതം സ്വീകരിച്ചാലും.
ശ്രീല പ്രഭുപാദർക്ക് സ്തുതികൾ
ആസ്ഥാനം: ശ്രീ മായാപൂർ ചന്ദ്രോദയമന്ദിരം
നിലവിലെ താവളം: ഡാലസ്
തീയതി: 2026 മെയ് 30
പ്രധാന വാർത്തകൾ
ഞാൻ ഇപ്പോഴും ഡാലസിൽ തന്നെയാണ്. ന്യൂ ഓർലാൻസിലെ സാധുസംഗ റിട്രീറ്റിന് പോകേണ്ടതായിരുന്നു, പക്ഷേ ആരോഗ്യസ്ഥിതി അനുയോജ്യമല്ലാതിരുന്നതിനാൽ യാത്ര ചെയ്യരുതെന്ന് എന്റെ ആരോഗ്യ സംഘം നിർദ്ദേശിച്ചു. അതിനാൽ എന്റെ സന്ദേശം റെക്കോർഡുചെയ്‌ത് അവർക്ക്
അയച്ചുകൊടുത്തു. ഡാലസിലെ ഇസ്‌കോൺ ക്ഷേത്രത്തിലെ ഞായറാഴ്ച സത്സംഗത്തിൽ പങ്കെടുത്ത് ഞാൻ ക്ലാസ് നൽകി. ചില പുതിയ പ്രചാരണ വീഡിയോകൾ ഭക്തരെ കാണിക്കുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്തു. അതിനിടെ ഒരു ദീക്ഷാ ചടങ്ങും സംഘടിപ്പിച്ചിരുന്നു.
എന്റെ ചർമ്മചികിത്സയുടെ ഒരു സെഷൻ കൂടി ജൂൺ 11 ന് നടത്താൻ ബാക്കിയുണ്ട്. ചികിത്സയ്‌ക്കോ ഡയാലിസിസിനോ വേണ്ടി ആശുപത്രിയിൽ പോകുമ്പോഴെല്ലാം ഞങ്ങൾ ശ്രീല പ്രഭുപാദരുടെ പുസ്തകങ്ങളും പ്രസാദവും വിതരണം ചെയ്യാറുണ്ട്. കൂടാതെ അവിടെ കണ്ടുമുട്ടുന്ന ആളുകളുമായി കൃഷ്ണാവബോധത്തെക്കുറിച്ച് ചർച്ച ചെയ്യാറുമുണ്ട്. എന്നെ ചികിത്സിക്കുന്നവരിൽ ക്രിസ്ത്യൻ മതവശ്വാസിയായ ഒരു ഡോക്ടറുമായി ഈശ്വരാവബോധത്തെക്കുറിച്ച് ഒരു നല്ല സംവാദം നടത്തി. കൂടാതെ ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ചും ദൈവനാമം ജപിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ഈമെയിലിലൂടെ ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ പങ്കിടുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ സമയം അനുസരിച്ച് ഇവിടെ ചിലപ്പോൾ അതിരാവിലെയാണെങ്കിലും എല്ലാ മീറ്റിംഗുകളിലും ഞാൻ പങ്കെടുക്കുന്നുണ്ട്. എല്ലാ യോഗങ്ങളിലും പങ്കെടുത്തുകൊണ്ട് ശ്രീല പ്രഭുപാദരോടുള്ള എന്റെ സേവനങ്ങൾ തുടരാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നു.
അതുകൂടാതെ എല്ലാ ദിവസവും ഞാൻ ഭക്തരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇവിടുത്തെ ഭക്തരും ചില പ്രാദേശിക നേതാക്കളും എന്നെ കാണാൻ വന്നിരുന്നു.അവർ അവരുടെ പ്രചാരണ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ശ്രീല പ്രഭുപാദരുടെ സന്ദേശം
“…എല്ലാവരും അതീവ ഗൗരവമുള്ളവരായിരിക്കണം എന്നതാണ് ആശയം. ഇത് വളരെ ഗൗരവകരമായ കർത്തവ്യമാണ്… അക്കാര്യത്തിൽ നമുക്ക് യാതൊരു മടിയുമുണ്ടാകരുത്. ‘പ്രത്യക്ഷാവഗമം ധർമ്മ്യം/സുസുഖം കർതും അവ്യയം [ഭ.ഗീ. 9.2] – നീ ചെയ്യുന്നതൊന്നും ഒരിക്കലും നഷ്ടപ്പെടില്ല’. വീണ്ടും ഒരു ജന്മത്തിനായി കാത്തിരിക്കരുതെന്ന് എന്റെ ഗുരുമഹാരാജ് എപ്പോഴും ഊന്നിപ്പറയുമായിരുന്നു. “ഈ ജന്മത്തിൽ തന്നെ നമ്മുടെ കർത്തവ്യം പൂർത്തിയാക്കുക.” അതായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. എന്നിരുന്നാലും, നിങ്ങൾ ചെയ്യുന്നതൊന്നും ഒരിക്കലും നഷ്ടമാകില്ല. ഉദാഹരണത്തിന് നിങ്ങൾക്ക് നൂറ് പോയിന്റുകൾ നേടാനുണ്ടെന്ന് കരുതുക. അതിൽ അമ്പതോ അറുപതോ പോയിന്റുകൾ വരെ പൂർത്തിയാക്കാ നേ കഴിഞ്ഞുള്ളുവെങ്കിലും നേടിയത് ഒരിക്കലും നഷ്ടപ്പെടില്ല.
അത് സത്യം തന്നെയാണ്. പക്ഷേ ബാക്കിയുള്ള മുപ്പതോ നാൽപ്പതോ പോയിന്റുകൾ പൂർത്തിയാക്കാൻ മറ്റൊരു ജീവിതത്തിനായി എന്തിന് കാത്തിരിക്കണം? അത് ബുദ്ധിമുട്ടാണ്…. ഈ ജന്മത്തിൽത്തന്നെ നൂറ് പോയിന്റുകൾ പൂർത്തിയാക്കുക അല്ലെങ്കിൽ വേണ്ടത്ര സേവനം അനുഷ്ഠിച്ചുകൊണ്ട് കൃഷ്ണനിലേക്ക്, സ്വഭവനത്തിലേക്ക്, ഭഗവത്തിങ്കലേക്ക്, തിരികെപ്പോകണമെന്ന് എല്ലാവരും വളരെ ഗൗരവമായിത്തന്നെ കരുതണം.” (ശ്രീമദ് ഭാഗവതം 6.2.45 ക്ലാസ്സ്, 1971 ജനുവരി 29, പ്രയാഗ്).
“നിങ്ങളുടെ ഭക്തിയുതസേവനം വളരെ വിശ്വസ്തതയോടെയും കൃത്യതയോടെയും തുടരണമെന്നാണ് എന്റെ അഭ്യർത്ഥന. അങ്ങനെയായാൽ ഈ ജന്മത്തിൽത്തന്നെ നിങ്ങൾക്ക് കൃഷ്ണനെ മുഖാമുഖം കാണാൻ സാധിക്കും. ഇത് സത്യമാണ്” (പുറപ്പെടുന്നതിന് മുമ്പുള്ള ക്ലാസ്സ്, 1975 ഫെബ്രുവരി 25, കാരക്കാസ്)
എന്റെ സന്ദേശം
50,000-ത്തിലധികം ശിഷ്യരെ സ്വീകരിക്കണമെന്ന് ശ്രീല പ്രഭുപാദർ എന്നോടാവശ്യപ്പെട്ടു. അതോടൊപ്പം ശിഷ്യരെയെല്ലാം ഭൗതികബന്ധനത്തിൽനിന്ന് മോചിപ്പിക്കുക എന്ന ഉത്തരവാദിത്തം കൂടിയുണ്ട്. എന്റെ ശിഷ്യരെല്ലാം ഭഗവത്തിങ്കലേക്ക് തിരികെ പോകണമെന്ന് ഞാനാഗ്രഹിക്കുന്നു.
16 മാല നാമം ജപിക്കുകയും നാല് യമനിയമങ്ങൾ പാലിക്കുകയും ചെയ്യുന്നതിനോടൊപ്പം നിങ്ങൾക്ക് സാധ്യമാകുന്ന ചില കാര്യങ്ങൾ കൂടി ഞാൻ നിർദ്ദേശിക്കുകയാണ്. അത് നിങ്ങൾക്ക് സഹായകമാകും.
1. ഗായത്രി ജപിക്കാത്തവർ ത്രിസന്ധ്യകളിൽ ഓരോ മാല വീതം അധികം ജപിക്കുക.
2. നിങ്ങളുടെ വരുമാനത്തിന്റെ കുറഞ്ഞത് 11% കൃഷ്ണാവബോധ പ്രവർത്തനങ്ങൾക്കായി നൽകുക. നിങ്ങളുടെ വ്യക്തിപരമായ സേവനങ്ങൾക്കുള്ള ചെലവുകൾക്കായോ അല്ലെങ്കിൽ ദീക്ഷാഗുരുവിനോ ശിക്ഷാഗുരുവിനോ പ്രാദേശിക ക്ഷേത്രത്തിലേക്കോ വിവിധ ഇസ്കോൺ പദ്ധതികൾക്കായോ ശ്രീല പ്രഭുപാദരുടെ പുസ്തകങ്ങൾ വാങ്ങുന്നതിനോ ഈ തുക വിനിയോഗിക്കാം. ഭാര്യയും ഭർത്താവും കൃഷ്ണാവബോധമുള്ളവരാണെങ്കിൽ അവർ ഒരുമിച്ച് എത്ര തുക നൽകണമെന്ന് തീരുമാനിക്കാവുന്നതാണ്. ഉദാഹരണത്തിന് 50 രൂപയോ 50 ഡോളറോ സംഭാവന ചെയ്യാനാഗ്രഹിക്കുന്നെങ്കിൽ, അങ്ങനെ 100 പേർക്ക് നൽകിയാൽ, 5000 രൂപയോ 5000 ഡോളറോ ആകും. ഒരുപക്ഷേ ഒരാൾ ദീക്ഷാഗുരുവിന് 500 രൂപയും, അവരുടെ പ്രാദേശിക ക്ഷേത്രത്തിന് 1000 രൂപയും നൽകിയേക്കാം. ഇത്തരത്തിൽ അവർക്ക് അവരുടെ സംഭാവന വിഭജിച്ച് നല്കാനും കഴിയും.
3. നിങ്ങളുടെ എല്ലാ പ്രവൃത്തികളും ഭഗവാൻ കൃഷ്ണന് സമർപ്പിക്കുക.
4. ഭഗവന്നാമത്തിൽ അഭയം പ്രാപിക്കുക. ഹരിനാമമാണ് നമ്മുടെ ഉത്തമ സുഹൃത്ത്.
5. ഒരാൾക്ക് നാലോ അഞ്ചോ ശിക്ഷാഗുരുക്കന്മാരുണ്ടാകാം. അവരുടെ മാർഗ്ഗനിർദ്ദേശമനുസരിച്ച്
കൃഷ്ണാവബോധത്തിൽ പുരോഗതി കൈവരിക്കാനാകും.
കലിയുഗത്തിൽ ഭഗവാന്റെ നാമം മാത്രമാണ് ഏക മാർഗം. നാമം ജപിച്ചാൽ നമുക്ക് ഭഗവാന്റെയടുത്തേക്ക് മടങ്ങിപ്പോകാം.
പ്രചോദനാത്മക കഥകൾ
ഏപ്രിലിൽ ഞാൻ നടത്തിയ വ്യാസപൂജ പ്രഭാഷണത്തിനുശേഷം പലരും ത്രിസന്ധ്യാനേരങ്ങളിൽ മൂന്ന് പ്രാവശ്യം ഓരോ മാല വീതം ജപിക്കാൻ തുടങ്ങിയതായും, പലരും തങ്ങളുടെ വരുമാനത്തിന്റെ 11% കൃഷ്ണന്റെ സേവനത്തിനായി നൽകാൻ തുടങ്ങിയതായും അറിയിച്ചുകൊണ്ട് നിരവധി ഭക്തരിൽ നിന്ന് എനിക്ക് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ഇത് വളരെ പ്രചോദനാത്മകമാണ്.
പുരുഷോത്തമ മാസത്തിലെ പ്രചാരണ പരിപാടികളെക്കുറിച്ചുള്ള ചില റിപ്പോർട്ടുകളും എനിക്ക് ലഭിച്ചു. മധുരയിൽ ഹരിനാമ സംഗോത്സവം എന്ന പേരിൽ രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചുവെന്നറിയിച്ചുകൊണ്ട് ബലരാമഗോവിന്ദ ദാസ് എനിക്ക് കത്തയച്ചിരുന്നു. ആ പരിപാടിയിൽ പങ്കെടുത്ത ഏകദേശം 2,400 പുതിയ ആളുകൾ ഒരു മാല ഹരേകൃഷ്ണ മഹാമന്ത്രം ജപിക്കുകയും നിത്യവും ഒരു മാല ഹരേകൃഷ്ണ മഹാമന്ത്രം ജപിക്കാമെന്ന് സങ്കൽപം എടുക്കുകയും ചെയ്തു. അവിടെ പുതിയതായി വന്നെത്തിയ ഭക്തരെ തുടർന്നും ബന്ധപ്പെടാനും അവരെ ആത്മീയമായി വളർത്തിയെടുക്കാനും അവർ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
ഇപ്പോൾ ഏകദേശം ഒരു മാസമായി ഞാൻ എന്റെ ജയപതാകസ്വാമി ആപ്പിൽ ദിവസേന ജപത്തിനായുള്ള ധ്യാനസന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്. നിങ്ങൾ അത് വായിക്കുന്നുണ്ടെന്നും അപരാധങ്ങളില്ലാതെ നാമം ജപിക്കുന്നുണ്ടെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
പത്ത് വർഷമായി ഉറക്കഗുളികകളും വിഷാദരോഗത്തിനുള്ള മരുന്നുകളും കഴിക്കുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ ദിവസവും ഹരേകൃഷ്ണ മഹാമന്ത്രം ജപിക്കാൻ തുടങ്ങിയതിന് ശേഷം ആ മരുന്നുകളൊന്നും ആവശ്യമില്ലെന്നും അറിയിച്ചുകൊണ്ട് ആരോ എനിക്ക് കത്തയച്ചിരുന്നു. നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പറ്റിയ ഏറ്റവും നല്ല മരുന്ന് ഹരിനാമമാണ്!
ഇത് പുരുഷോത്തമ മാസമാണ്. നമ്മൾ ചെയ്യുന്ന ഏതൊരു ആത്മീയ പ്രവർത്തനത്തിനും ആയിരം മടങ്ങ് ഗുണം ലഭിക്കും. പുരുഷോത്തമ മാസത്തെക്കുറിച്ച് ജെ.പി.എസ് മീഡിയ നിർമ്മിച്ച രണ്ട് മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഒരു വീഡിയോ ഉണ്ട്.
പുരുഷോത്തമ മാസത്തിൽ നമുക്ക് ഇനി രണ്ട് ആഴ്ചകൾ കൂടി ബാക്കിയുണ്ട്!
എല്ലാ ഭക്തരും ചൈതന്യഭഗവാന്റെ കാരുണ്യം അങ്ങേയറ്റം നേടിയെടുക്കണം. മഹാപ്രഭു നല്കിയ നാമസങ്കീർത്ത പ്രക്രിയയിലൂടെ ഈ ഒരു ജീവിതകാലം കൊണ്ടുതന്നെ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളെ പ്രാപിക്കാൻ നമുക്ക് കഴിയും. വളരെ വലിയ കാരുണ്യമാണത്.
നിങ്ങളെല്ലാവരും നല്ല ആരോഗ്യത്തോടും ആനന്ദപൂർണ്ണമായ കൃഷ്ണാവബോധത്തോടും കൂടിയിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
എപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷിയായ
ജയപതാകസ്വാമി
ജെ.പി.എസ്/ആർ.ആർ.എസ്.ഡി.ബി