എന്നിൽനിന്ന് ഗുരുദീക്ഷയും ഗുരുആശ്രയവും സ്വീകരിച്ചിട്ടുള്ള പ്രിയശിഷ്യരും അതിനായി തയ്യാറെടുക്കുന്നവരും എന്റെ ശിക്ഷണങ്ങൾ സ്വീകരിക്കുന്നവരും പ്രശിഷ്യരും അഭ്യുദയകാംക്ഷികളും അറിയുന്നതിന്

എല്ലാവരും എന്റെ അനുഗ്രഹങ്ങളും ആശംസകളും യഥോചിതം സ്വീകരിച്ചാലും.

ശ്രീല പ്രഭുപാദർക്ക് സ്തുതികൾ

ആസ്ഥാനം: ശ്രീ മായാപൂർ ചന്ദ്രോദയമന്ദിരം
നിലവില സ്ഥലം: ഡൽഹി

തീയതി: 2026 ഏപ്രിൽ 30

പ്രധാന സംഭവങ്ങൾ

എല്ലാവർക്കും ആനന്ദപൂർണ്ണമായ നരസിംഹ ചതുർദശി ആശംസികൾ!
ഇന്ന് ഡൽഹിയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽവച്ച് ഞങ്ങൾ നരസിംഹഭഗവാന്റെ അവതാരദിനം ആഘോഷിച്ചു.

മലേഷ്യയിലേക്കുള്ള ഒരു ഹ്രസ്വ സന്ദർശനം കഴിഞ്ഞ് ഏപ്രിൽ 22-ാം തീയതി രാത്രി വൈകി ഞങ്ങൾ ഡൽഹിയിൽ എത്തിച്ചേർന്നു. ക്വാലാലംപൂരിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ രാധാഗോകുലചന്ദ്രന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടത്തിയിട്ടാണ് ഞങ്ങൾ വന്നത്. കുറേ വർഷങ്ങളായി അവർ ജഗന്നാഥ്, ബലദേവ്, സുഭദ്ര, സുദർശൻ, നിതായ് സുന്ദരഗൗരഹരി എന്നീ വിഗ്രഹങ്ങൾ ആരാധിച്ചു വരികയായിരുന്നു. അതിനോടൊപ്പം ഇപ്പോൾ ശ്രീ ശ്രീ രാധാഗോകുലചന്ദ്രന്റെ വിഗ്രഹം കൂടി പ്രതിഷ്ഠിച്ചു. പ്രാണപ്രതിഷ്ഠയും വിഗ്രഹത്തിന് നാമകരണവും ഞാൻ നടത്തി. പരമപൂജനീയരായ ഭാനുസ്വാമി, ഭക്തി വിഘ്നവിനാശ നരസിംഹസ്വാമി, ഭക്തി പുരുഷോത്തമസ്വാമി, ഭക്തി മുകുന്ദസ്വാമി, ഭക്തി ആർജവ പ്രീതിവർദ്ധന സ്വാമി, ആദരണീയനായ പ്രഭവിഷ്ണു പ്രഭു
തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തലേദിവസം അവർ ഹരിനാമദീക്ഷാച്ചടങ്ങും ബ്രാഹ്മണദീക്ഷാച്ചടങ്ങും സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങ് വൈകിയതിനാൽ നേത്രോന്മീലന ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

മലേഷ്യയിലെമ്പാടുനിന്നും അയൽരാജ്യങ്ങളിൽ നിന്നും ഈ ആഘോഷത്തിൽ പങ്കെടുക്കാനായി നിരവധി ഭക്തർ എത്തിയതു കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. മലേഷ്യയിൽനിന്ന് മടങ്ങുന്നതിന്റെ തലേദിവസം അവിടെയുള്ള യുവാക്കളെ അഭിസംബോധന ചെയ്ത് ഞാൻ സംസാരിച്ചിരുന്നു. മലേഷ്യയിൽ പ്രചാരണം വ്യാപിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ഭജൻ ക്ലബ്ബിംഗിനെക്കുറിച്ചുള്ള ഒരു വീഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തു.

ഇന്ന് നരസിംഹ ചതുർദശിയാണ്. പ്രഹ്ലാദമഹാരാജ് ഭഗവാൻ നരസിംഹദേവനെ ആദ്യമായി ദർശിച്ചപ്പോൾ, തന്റെ ആത്മീയഗുരുവിന്റെ കാരുണ്യം കൊണ്ടാണ് തനിക്ക് ഭഗവാനെ കാണാൻ സാധിച്ചതെന്നും അതിനാൽ ആത്മീയഗുരുവിനോടുള്ള സേവനം എക്കാലവും തുടരാൻ തന്നെ അനുഗ്രഹിക്കണമെന്നും നരസിംഹഭഗവാനോട് അഭ്യർത്ഥിച്ചു.

നരസിംഹഭഗവാന്റെ അഭിഷേകച്ചടങ്ങിൽ ഞാൻ പങ്കെടുത്തു. പ്രഹ്ലാദ ലക്ഷ്മി നരസിംഹദേവൻ അതിസുന്ദരനായികാണപ്പെട്ടു. ഭഗവാനും ഭക്തനും അഭിഷേകം ചെയ്യുന്ന കാഴ്ച മികവുറ്റ അനുഭൂതിയായിരുന്നു. പരമപുരുഷനായ ഭഗവാൻ ആത്മീയലോകത്തിൽ നിന്നിറങ്ങിവന്ന് പതിതാത്മാക്കളെ മോചിപ്പിക്കുകയും ഭക്തരെ സംരക്ഷിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ ഭഗവാന് എന്തും സാധ്യമാണെങ്കിലും വിസ്മയകരമായ ചെറിയ ദിവ്യലീലകൾ അവിടുന്ന് നമ്മുടെ മുന്നിൽ കാണിച്ചുതരുന്നു. അവയെല്ലാം സ്മരിക്കുന്നതിലൂടെയും നരസിംഹഭഗവാനെ അഥവാ ശ്രീകൃഷ്ണഭഗവാനെ പ്രകീർത്തിക്കുന്നതിലൂടെയും നാം വലിയ തോതിൽ ആത്മീയോന്നതി പ്രാപിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.

ശ്രീല പ്രഭുപാദരുടെ സന്ദേശം

ഈ ജന്മത്തിൽ തന്നെ എല്ലാ ഭക്തരും ഭഗവത്സന്നിധിയിലേക്ക് മടങ്ങിപ്പോകണമെന്ന് ശ്രീല പ്രഭുപാദർ ആഗ്രഹിച്ചു. “ഈ ഗൃഹസ്ഥജീവിതം ശ്രീകൃഷ്ണഭഗവാന്റെ മഹത്വങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതുവഴി ഈ ജന്മത്തിൽ തന്നെ ഗോലോകവൃന്ദാവനധാമത്തിൽ തിരികെയെത്തി ശ്രീകൃഷ്ണഭഗവാനോടൊപ്പം വസിക്കാൻ യോഗ്യമായ പരമോന്നതപദവി പ്രാപ്തമാക്കാൻ നിങ്ങൾക്ക് കഴിയും. അതിനാൽ ദയവായി പരിശുദ്ധമായ ജീവിതം നയിക്കുക. നിത്യവും 16 മാല നാമം ജപിക്കുകയും യമനിയമങ്ങളെല്ലാം കൃത്യമായി പാലിക്കുകയും നമ്മുടെ പുസ്തകങ്ങൾ നിത്യേന വായിക്കുകയും ചെയ്താൽ നിങ്ങളുടെ ജീവിതം തീർച്ചയായും സഫലമാകും”
വൈകുണ്ഠനാഥനും ശാരദീയക്കും വേണ്ടി
1971 ഏപ്രിൽ 4-ാം തീയതി ബോംബെയിൽനിന്ന് എഴുതിയ കത്ത്.

“ഈ പ്രക്രിയ വളരെ ലളിതമാണ്. ഭക്തിജീവിതത്തിലെ നിയന്ത്രണങ്ങളിൽനിന്ന് വ്യതിചലിക്കാതെ അവ കൃത്യമായി പാലിക്കുക, നിത്യവും ജപമാലയിൽ 16 മാല നാമം ജപിക്കുക, നമ്മുടെ എല്ലാ ഗ്രന്ഥങ്ങളും വായിക്കുക, ക്ലാസുകളിലും ആരതികളിലും പങ്കെടുക്കുക, നഗരസങ്കീർത്തനം ചെയ്യുക, എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ നിങ്ങളേക്കാൾ മുതിർന്ന ആത്മീയസഹോദരങ്ങളോട് ആരായുക. അവ്വിധമുള്ള നമ്മുടെ ജീവിതശൈലി ഒട്ടും ബുദ്ധിമുട്ടുള്ളതല്ല, മറിച്ച് വളരെ ആനന്ദപ്രദമാണ്. നിങ്ങൾ സ്വയം ഉത്സാഹപൂർവ്വം അത്തരത്തിലുള്ള ജീവിതശൈലിയിൽ ഏർപ്പെടുകയാണെങ്കിൽ എപ്പോഴും സന്തുഷ്ടരും സന്തോഷവാന്മാരുമായിരിക്കുവാനും ജീവിതാന്ത്യത്തിൽ സ്വഗൃഹത്തിലേക്ക് അഥവാ ഭഗവത്തിങ്കലേക്ക് മടങ്ങിപ്പോകാനും സാധിക്കും” സുഖദയ്ക്ക് വേണ്ടി
1971 ഓഗസ്റ്റ് 4-ാം തീയതി ലണ്ടനിൽവെച്ച് എഴുതിയ കത്ത്.

എന്റെ സന്ദേശം

50,000 ശിഷ്യരെ സ്വീകരിക്കണമെന്നാണ് ശ്രീല പ്രഭുപാദർ എന്നോട് നിർദ്ദേശിച്ചത്. വാസ്തവത്തിൽ അത് വലിയ ഉത്തരവാദിത്തമാണ്. ഓരോ ശിഷ്യനും ശിഷ്യയും ഭഗവദ്ധാമത്തിലേക്ക് മടങ്ങിപ്പോകണം. മുമ്പും ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ട് എങ്കിലും ഓരോരുത്തരും അത് അതീവ ഗൗരവകരമായി എടുക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് ഞാൻ
വീണ്ടും ആവർത്തിച്ച് പറയുകയാണ്. എന്റെ ശിഷ്യരെല്ലാവരും ഭക്തിയോഗികളോ ഭക്തിയോഗിനികളോ ആയിത്തീരണം.

നമ്മൾ ചെയ്യുന്നത് ഒരു സാധാരണ കാര്യമല്ല. ഭൗതികതയുമായി നമ്മൾ നിരന്തര യുദ്ധത്തിലാണ്. മായയ്‌ക്കെതിരായ ഈ യുദ്ധത്തിൽ എല്ലാ ഭക്തരും ജാഗ്രതയും ഉത്സാഹവുമുള്ളവരായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അങ്ങേയറ്റം 100 വർഷം വരെ ആയുസ്സുള്ള ഹ്രസ്വമായ ജീവിതമാണ് നമുക്കുള്ളത്. അതിനാൽ നാം ജാഗരൂകരായിരുന്നാൽ മാത്രം പോര. ജീവിതവും മരണവും സംബന്ധിച്ച കാര്യമാണിത്! നമ്മൾ പൂർണ്ണമായും കൃഷ്ണബോധമുള്ളവരല്ലെങ്കിൽ കലിയുഗത്തിന്റെ വരുംകാലം നമ്മെ കാത്തിരിക്കുന്നുണ്ടാകും.

മായ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാർഗ്ഗതടസ്സങ്ങൾ സൃഷ്ടിക്കുകയോ ഉത്സാഹം നഷ്ടപ്പെടുത്തുകയോ ചെയ്യാൻ ശ്രമിച്ചാലും നിങ്ങൾ അതീവ ശ്രദ്ധയോടും ഉത്സാഹത്തോടുംകൂടി കൃഷ്ണാവബോധം പരിശീലിക്കുകയും ഹരിനാമം ജപിക്കുകയും വേണം. അതൊരു യുദ്ധമാണ്. മായയുടെ കർത്തവ്യം അതാണ്. കൃഷ്ണന്റെ യഥാർത്ഥ ദാസിയായതിലാണ് മായ ഇപ്രകാരം ചെയ്യുന്നത്. അപ്പോൾ നാം ഭഗവാന്റെ അതിലും മികച്ച ദാസരാകണം. ഭഗവാന്റെ ദിവ്യനാമത്തിൽ പൂർണ്ണമായും ശരണം പ്രാപിക്കണം. ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ / ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ എന്ന് മഹാമന്ത്രം നിരന്തരം ജപിച്ചുകൊണ്ട് കലിയെ പാടേ അകറ്റിനിർത്തണം!

പ്രചോദനാത്മക കഥകൾ

ഡൽഹിയിലെ എന്റെ പ്രിയപ്പെട്ട ആത്മീയസഹോദരനും സുഹൃത്തുമായിരുന്ന പരമപൂജനീയ ഗോപാലകൃഷ്ണ ഗോസ്വാമിയെ ഞാൻ സ്മരിക്കുന്നു. ഡൽഹിയിൽ അദ്ദേഹം പതിനെട്ടോ ഇരുപതോ ക്ഷേത്രങ്ങൾ നിർമ്മിച്ചു. എല്ലാ ക്ഷേത്രങ്ങളും വളരെ മികച്ച രീതിയിൽ പ്രചാരണവും പുസ്തകവിതരണവും നടത്തിവരുന്നു.

രണ്ട് ദിവസം മുമ്പ് ക്ഷേത്രത്തിലെ പുതിയ മ്യൂസിയം വിഭാഗത്തിന്റെ ഉദ്ഘാടനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. പ്രചാരണത്തിനായി നിരവധി നൂതന സാങ്കേതികവിദ്യകൾ അവർ ഉപയോഗിക്കുന്നുണ്ട്. വെർച്വൽ റിയാലിറ്റി ഷോയും ഞാൻ കണ്ടു. വളരെ രസകരമായിരുന്നു.

കഴിഞ്ഞ ദ്വൈവാര സന്ദേശത്തിൽ ഭജൻ ക്ലബ്ബിംഗിനെക്കുറിച്ച് ഞാൻ പരാമർശിച്ചിരുന്നു. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും തന്റെ ദിവ്യനാമം കീർത്തനം ചെയ്യപ്പെടുമെന്ന് ശ്രീ ചൈതന്യ മഹാപ്രഭു പ്രവചിച്ചിട്ടുണ്ട്. എല്ലാ ജനങ്ങളും ഹരേകൃഷ്ണ ജപിക്കുകയും നൃത്തം ചെയ്യുകയും പ്രസാദം സ്വീകരിക്കുകയും ചെയ്യണമെന്ന് ശ്രീല പ്രഭുപാദർ ആഗ്രഹിച്ചിരുന്നു. അത്തരത്തിലുള്ള ഒരു പരിപാടിയാണ് ഭജൻ ക്ലബ്ബിംഗ്. സർക്കാർ തലത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കണമെന്നാണ് ശ്രീല പ്രഭുപാദർ ആഗ്രഹിച്ചിരുന്നതെങ്കിലും ഇപ്പോൾ യുവാക്കളാണ് അത് സംഘടിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ ഈ പരിപാടി നടക്കുന്നുണ്ടോ എന്നെനിക്കറിയില്ല പക്ഷേ ഇന്ത്യയിൽ പതിനായിരക്കണക്കിന് ആളുകൾ ഹരേകൃഷ്ണ ജപിക്കുകയും നൃത്തം വെക്കുകയും ചെയ്യുന്നു! താഴെ കൊടുത്തിരിക്കുന്ന വീഡിയോ ലിങ്കിൽ ഇസ്‌കോൺ ചെന്നൈ നടത്തിയ ഭജൻ ക്ലബ്ബിംഗ് പരിപാടി നിങ്ങൾക്ക് കാണാനാകും

നരസിംഹഭഗവാൻ അതീവ ദയാലുവാണ്. തന്റെ ഭക്തനെ സംരക്ഷിക്കാനാണ് ഭഗവാൻ അവതരിച്ചത്. ശ്രീകൃഷ്ണഭഗവാനും കാരുണ്യവാനാണ്. ചൈതന്യഭഗവാൻ അതിലേറെ കാരുണ്യമൂർത്തിയാണ്. ചെടികൊടികളും പ്രാണികളുമടക്കം പതിതരായ എല്ലാ ആത്മാക്കളെയും മോചിപ്പിക്കാനായി ചൈതന്യമഹാപ്രഭു ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതിനാൽ എല്ലാവരും പ്രചാരണം ചെയ്യണം. ഭൗതികമായ ഈ മായയിൽപ്പെട്ട് ഉഴലാതെ ചൈതന്യഭഗവാന്റെ കാരുണ്യം മറ്റുള്ളവരിലേക്ക് പകർന്നുനല്കിക്കൊണ്ട് അതീന്ദ്രിയാനന്ദം അനുഭവിക്കാൻ എല്ലാവരും ശ്രമിക്കണം.

കഴിഞ്ഞദിവസം രാത്രി ‘നാമാമൃതം’ വായിക്കുന്നതിനിടെ ഭൗതികജീവിതം ഒരുതരം അബോധാവസ്ഥ പോലെയാണെന്ന് നമ്മൾ വായിച്ചു. പാമ്പുകടിയേറ്റ് ബോധമറ്റ ഒരാളെ ചില മന്ത്രങ്ങൾ ഉപയോഗിച്ച് ബോധമുള്ള അവസ്ഥയിലേക്ക് ഉണർത്തിയെടുക്കുന്നതുപോലെ, ഈ മായാലോകത്തിലെ മയക്കത്തിൽ നിന്ന് നമ്മളും ഹരേകൃഷ്ണ മഹാമന്ത്രം ഉപയോഗിച്ച് ആളുകളെ ഉണർത്തുകയാണ് ചെയ്യുന്നത്: ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ / ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ!

നിങ്ങളെല്ലാവരും നല്ല ആരോഗ്യത്തോടുകൂടിയും ആനന്ദപൂർണ്ണമായ കൃഷ്ണാവബോധത്തോടുകൂടിയുമിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷിയായ,
ജയപതാകസ്വാമി

ജെ.പി.എസ്/ആർ.ആർ.എസ്.ഡി.ബി