എന്നിൽനിന്ന് ഗുരുദീക്ഷയും ഗുരുആശ്രയവും സ്വീകരിച്ചിട്ടുള്ള എന്റെ പ്രിയ ശിഷ്യരും അതിനായി ആഗ്രഹിക്കുന്നവരും എന്റെ ശിക്ഷണങ്ങൾ സ്വീകരിക്കുന്നവരും പ്രശിഷ്യരും അഭ്യുദയകാംക്ഷികളും അറിയുന്നതിന്

എന്റെ അനുഗ്രഹങ്ങളും ആശംസകളും യഥോചിതം സ്വീകരിച്ചാലും

ശ്രീല പ്രഭുപാദർക്ക് സ്തുതികൾ.
ആസ്ഥാനം: ശ്രീ മായാപൂർ ചന്ദ്രോദയമന്ദിരം
താല്കാലിക വസതി: കൊൽക്കത്ത

കൊൽക്കത്തയിലേക്ക് യാത്ര പുറപ്പെടുന്നതിനുമുമ്പ് ജി.ബി.സിയുടെയും ഇന്ത്യൻ ഭരണസമിതിയുടെയും കൂടാതെ മറ്റ് പല യോഗങ്ങളിലും ഞാൻ ഓൺലൈനിലൂടെ പങ്കെടുത്തു. കുറേ വർഷങ്ങൾക്ക് ശേഷം എന്റെ ആത്മീയസഹോദരനായ ആദരണീയനായ ത്രിവിക്രമപ്രഭുവിനെ (എ.സി.ബി.എസ്.പി) കണ്ടുമുട്ടി. ജൂൺ 26 ന് രഥയാത്രാ മഹോത്സവത്തിൽ പങ്കെടുക്കാനായി ഞാൻ കൊൽക്കത്തയിലേക്ക് പോയി. 1970-ൽ ശ്രീല പ്രഭുപാദരുടെ നിർദ്ദേശപ്രകാരം ഞാൻ ഇവിടെ വന്ന സമയത്ത് വളരെ കുറച്ച് ഭക്തർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം ഞാനോർത്തു. ശ്രീല പ്രഭുപാദരുടെ കാരുണ്യത്താൽ ഇന്ന് ആയിരക്കണക്കിന് ഭക്തർ അവിടെ നമുക്കുണ്ട്. രഥയാത്രയ്ക്കായി വളരെ മികച്ച ഒരുക്കങ്ങളാണ് അവർ നടത്തിയത്. ഈ വർഷത്തെ രഥയാത്രാ മഹോത്സവം സംഘടിപ്പിക്കുന്നതിൽ ആയിരത്തിലധികം ഭക്തർ ഏർപ്പെട്ടിരുന്നുവെന്ന് ഞാൻ കേട്ടറിഞ്ഞു.

കൊൽക്കത്ത ശ്രീല പ്രഭുപാദരുടെ ജന്മസ്ഥലമാണ്. ശ്രീല പ്രഭുപാദർ കുട്ടിയായിരുന്നപ്പോൾ കൂട്ടുകാരോടൊപ്പം ചേർന്ന് രഥയാത്ര ആഘോഷിക്കുമായിരുന്നു. 1971ൽ കൊൽക്കത്തയിൽ നടന്ന ആദ്യത്തെ രഥയാത്രയിൽ ഞാൻ പങ്കെടുത്തിരുന്നു. തുടർന്ന് ഇവിടുത്തെ രഥയാത്ര അതിഗംഭീരമാക്കണമെന്ന് അന്ന് ശ്രീല പ്രഭുപാദർ എന്നോട് നിർദ്ദേശിച്ചു. അതുകൊണ്ടാണ് എല്ലാ വർഷവും ഞാൻ ഈ രഥയാത്രയിൽ പങ്കെടുക്കാനെത്തുന്നത്. ഈ വർഷം 54-ാമത് രഥയാത്രയായിരുന്നു. 9 ദിവസത്തെ ആഘോഷം സംഘടിപ്പിച്ചിരുന്നതിൽ 6 ദിവസം മുടങ്ങാതെ ഞാൻ ഗുണ്ടിച പന്തലിൽ പോയി ദർശനം നടത്തുകയും ക്ലാസുകൾ നൽകുകയും ചെയ്തു. തുടർന്ന് ഒരു ചോദ്യോത്തരവേളയും നടത്തി. ജഗന്നാഥൻ ബലദേവൻ സുഭദ്ര സുദർശനചക്രം, രാധാകൃഷ്ണന്മാർ എന്നിവരുടെ വിഗ്രഹങ്ങൾ ഇരുന്ന പന്തൽ ജഗന്നാഥപുരി ക്ഷേത്രത്തിന്റെ തനിപകർപ്പ് പോലെയാണ് ഈ വർഷം അവർ നിർമ്മിച്ചിരുന്നത്. വ്യത്യസ്ത ‘വേഷങ്ങൾ’ ധരിപ്പിച്ചുകൊണ്ട് ജഗന്നാഥനെ ഓരോ ദിവസവും അതിമനോഹരമായി അലങ്കരിച്ചിരുന്നു. അതിനിടെ ഒരു ദിവസം ഹരിനാമദീക്ഷയും ബ്രാഹ്മണദീക്ഷയും നല്കുന്ന ചടങ്ങുകളും സംഘടിപ്പിച്ചു. മഹോത്സവത്തിന്റെ ആറാം ദിവസം ചോദ്യോത്തരവേള നടത്തുന്നതിനിടെ എനിക്ക് കടുത്ത പനി അനുഭവപ്പെട്ടു. എന്റെ ശരീരം വിറക്കുകയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. അവർ എന്നെ പന്തലിൽ നി ന്ന് നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാഴ്ചത്തെ തീവ്രമായ ചികിത്സയ്ക്ക് ശേഷം ഇന്നലെയാണ് എന്നെ ഡിസ്ചാർജ് ചെയ്തത്. ഇപ്പോഴും ഞാൻ സുഖം പ്രാപിച്ച് വരുന്നതേയുള്ളൂ. ഇന്ത്യൻ ഭരണസമിതിയുടെ യോഗത്തിൽ പങ്കെടുക്കാനായി ഞാൻ മുംബൈയിലേക്ക് പോകേണ്ടതായിരുന്നു. പക്ഷേ കൊൽക്കത്തയിലിരുന്ന് ഓൺലൈനായി പങ്കെടുക്കാൻ എന്റെ ആരോഗ്യസംഘം നിർദ്ദേശിച്ചു.

എനിക്ക് പലവിധ ശാരീരിക പ്രശ്‌നങ്ങളുണ്ടെങ്കിലും കൃഷ്ണനെ സേവിക്കുന്നത് അത്യാനന്ദകരമായ കാര്യമാണ്. അത് നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. മുമ്പ് ചെയ്തിരുന്നതുപോലെ നൃത്തവും മറ്റും ചെയ്യാൻ ഇപ്പോൾ എനിക്ക് കഴിയില്ലെങ്കിലും ശ്രീല പ്രഭുപാദരുടെ പുസ്തകങ്ങൾ പഠിക്കുവാനും പ്രചാരണം ചെയ്യുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. ആശുപത്രിയിലാണെങ്കിലും കുറഞ്ഞത് 16 മാല നാമജപവും ശ്രീല പ്രഭുപാദരുടെ പുസ്തകങ്ങളുടെ വായനയും തുടരുകയും യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തുകൊണ്ട് ശ്രീല പ്രഭുപാദരോടുള്ള എന്റെ ദൈനംദിന പ്രതിബദ്ധത ഞാൻ തുടരുന്നു. ഭക്തിസാർവ്വഭൗമ ബിരുദത്തിനായുള്ള ആദിലീലയിലെ ചോദ്യങ്ങളുടെ ഉത്തരം എഴുതി പൂർത്തിയാക്കി.

ഈ വർഷം ദിഘ ജഗന്നാഥധാമത്തിലെ ആദ്യത്തെ രഥയാത്ര നടന്നു. വിദേശീയരായ ഭക്തർക്ക് ജഗന്നാഥപുരിയിൽ പ്രവേശനം നേടിയെടുക്കണമെന്ന് ശ്രീല പ്രഭുപാദർ എന്നോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ 50 വർഷം പരിശ്രമിച്ചിട്ടും ഇതുവരെ വിജയിക്കാൻ എനിക്ക് സാധിച്ചില്ല. ഗുരുവായൂരിലും തിരുമലയിലും അത് സാധ്യമായി. പക്ഷേ ജഗന്നാഥപുരിയിൽ മാത്രം സാധ്യമായില്ല. പശ്ചിമബംഗാളിലെ ദിഘയിൽ നിർമ്മിച്ച ഈ ക്ഷേത്രം ജഗന്നാഥഭഗവാന്റെ അതിവിശിഷ്ടമായ സമ്മാനമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഇത് ജഗന്നാഥപുരി ക്ഷേത്രത്തിന്റെ തനിപ്പകർപ്പാണ്. വിദേശീയരായ ഭക്തർക്ക് പ്രവേശിക്കാൻ അനുവാദവുമുണ്ട്. പൂജ ചെയ്യാനുള്ള അവകാശം നമുക്കാണ് നൽകിയിരിക്കുന്നത്. അതിൽ ഞാൻ അത്ഭുതപ്പെടുകയാണ്. വിദേശികൾക്ക് പ്രവേശനം നേടിയെടുക്കണമെന്ന് ശ്രീല പ്രഭുപാദർ എന്നോട് ആവശ്യപ്പെട്ടതിന് പകരമായി ജഗന്നാഥഭഗവാൻ പുരിയിലേതിന്റെ തനിപ്പകർപ്പായ ഒരു ക്ഷേത്രം ഇവിടെ നമുക്ക് നല്കുകയാണുണ്ടായത്. ദിവസവും രണ്ട് മൂന്ന് ലക്ഷം ആളുകൾ ദിഘ ക്ഷേത്രത്തിലെത്തുന്നുണ്ട്. ഈ ക്ഷേത്രത്തിൽ ജഗന്നാഥഭഗവാനെ സേവിക്കുന്നതിനുള്ള ചുമതല ഇസ്‌കോൺ ആണ് നിർവ്വഹിക്കുന്നത്. അത്രത്തോളം കരുണാമയനാണ് ജഗന്നാഥഭഗവാൻ! ഇത് നേടിയെടുക്കാൻ ഇസ്‌കോൺ കൊൽക്കത്തയുടെ വൈസ് പ്രസിഡന്റ് രാധാരമണദാസ് കഠിനമായി പരിശ്രമിച്ചു. അതിന് ഞങ്ങൾക്ക് അദ്ദേഹത്തോട് വളരെയധികം നന്ദിയുണ്ട്.

രഥയാത്രാ മഹോത്സവത്തിന്റെ സജ്ജീകരണങ്ങൾ നിരീക്ഷിക്കുന്നതിനും ഉദ്ഘാടനം നിർവ്വഹിക്കുന്നതിനുമായി പശ്ചിമബംഗാളിലെ ഏറ്റവും ആദരണീയയായ മുഖ്യമന്ത്രി ശ്രീമതി മമതാബാനർജി നേരിട്ട് ദിഘയിൽ സന്നിഹിതയായിരുന്നു. വിദേശികൾ ഉൾപ്പെടെ മായാപൂരിൽ നിന്നുള്ള നിരവധി ഭക്തരും അവിടെ പോയിരുന്നു. ഏകദേശം 3 ലക്ഷം പേർ ആഘോഷത്തിൽ പങ്കെടുത്തു.

വീഡിയോ റിപ്പോർട്ടുകൾ അയക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചതിനുശേഷം ഈ മാസം ലോകമെമ്പാടുമുള്ള ശിഷ്യരിൽ നിന്ന് എനിക്ക് നിരവധി വീഡിയോ റിപ്പോർട്ടുകൾ ലഭിച്ചു. എനിക്കതിൽ വലിയ സന്തോഷമുണ്ട്. ശിഷ്യരെല്ലാവരും എന്റെ പ്രതിമാസ സന്ദേശം പതിവായി വായിക്കുന്നുണ്ടെന്നാണ് ഇതിനർത്ഥം! കൂടാതെ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പല സ്ഥലങ്ങളിൽ നിന്നും എനിക്ക് രഥയാത്രാ റിപ്പോർട്ടുകൾ ലഭിച്ചു. ജൂൺ 27 ന് ബംഗ്ലാദേശിൽ 122 രഥയാത്രകൾ ഉണ്ടായിരുന്നു. കൃഷ്ണന്റെ കാരുണ്യത്താൽ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ഇന്ത്യയിലൊട്ടാകെ 250 രഥയാത്രകളുണ്ടായിരുന്നു.

ജെ.പി.എസ് ആർക്കൈവ്‌സിലെ ഒന്നാം പേജിലുള്ള 1979 ലെ എന്റെ ക്ലാസുകൾ മുതൽ കേൾക്കാൻ തുടങ്ങിയെന്നും 1981 വരെയുള്ള ക്ലാസ്സുകൾ ഏതാണ്ട് പൂർത്തിയാക്കാൻ പോകുകയാണെന്നും അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള ഒരു ശിഷ്യൻ എനിക്കെഴുതി. ഏകദേശം രണ്ടുതവണ വീതം ക്ലാസുകൾ കേൾക്കാറുണ്ടെന്നും അതിലൂടെ അദ്ദേഹത്തിന്റെ സാധനയിലും സേവനങ്ങളിലും വളരെയധികം പുരോഗതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ശ്യാമരസികദാസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജെ.പി.എസ് ആർക്കൈവ്‌സ് എന്റെ എല്ലാ ക്ലാസുകളും ഫോട്ടോകളും ഭക്തരുടെ സമയക്രമം അനുസരിച്ച് അവരുടെ പ്രയോജനത്തിനായി അപ്‌ലോഡ് ചെയ്യുന്നുണ്ട്. (https://jayapatakaswamiarchives.net/timeline/)

റഷ്യയിലെ ചെല്യാബിൻസ്കിൽ നടന്ന കുട്ടികളുടെ രഥയാത്രയുടെ വീഡിയോ റിപ്പോർട്ട് ഏകപ്രിയരാധിക ദേവിദാസി എനിക്ക് അയച്ചുതന്നു. ബാംഗ്ലൂരിലെ ഇസ്‌കോൺ കൾച്ചറൽ സെന്ററിൽ നിന്ന് പ്രേമവിനോദിനി ദേവിദാസിയും സംഘവും സ്കൂൾ അവധിക്കാലത്ത് കുട്ടികൾക്കായി നടത്തിയ വേനൽക്കാല ക്യാമ്പിന്റെ ഒരു നല്ല റിപ്പോർട്ട് അയച്ചുതന്നു. ചെന്നൈയിൽ നിന്നുള്ള അനുത്തമഗന്ധർവിക ദേവിദാസി ബധിരസമൂഹത്തിലുള്ളവരോട് പ്രചാരണം ചെയ്യുന്നതിന്റെ ഒരു വീഡിയോ റിപ്പോർട്ട് അയച്ചുതന്നു. ബധിരർക്കായുള്ള ആംഗ്യഭാഷയാണ് അവർ ഉപയോഗിക്കുന്നത്. അതിനായി അവർ ഇന്ത്യൻ ആംഗ്യഭാഷ വളരെ പാടുപെട്ട് പഠിച്ചെടുത്തു. ലോകമൊട്ടാകെ ഒരു സാർവത്രിക ആംഗ്യഭാഷ ഉണ്ടെങ്കിൽ ആശയവിനിമയം നടത്താൻ അത് വളരെ സഹായകരമാകും. പക്ഷേ ഓരോ രാജ്യത്തും ആംഗ്യഭാഷയിൽ അല്പം വ്യത്യാസമുണ്ടെന്നാണ് തോന്നുന്നത്.

ഇത്തരത്തിലുള്ള മറ്റ് നിരവധി നല്ല റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്റെ ശിഷ്യർ അവരുടെ പ്രചാരണപരിപാടികളുടെ വീഡിയോ റിപ്പോർട്ടുകൾ അയച്ചുതന്നതിൽ എനിക്ക് വളരെ നന്ദിയുണ്ട്.

നമ്മുടെ പരമഗുരുവായ ശ്രീല ഭക്തിസിദ്ധാന്തസരസ്വതി ഠാക്കൂർ പ്രഭുപാദരുടെ ആഗ്രഹം നിറവേറ്റുന്നതിനായി ശ്രീ ചൈതന്യമഹാപ്രഭുവിന്റെ തൃപ്പാദമുദ്രകളുള്ള പീഠങ്ങൾ സ്ഥാപിക്കാൻ ഞങ്ങൾ ആരംഭിച്ചു. എന്റെ നിരവധി ശിഷ്യരുടെയും പ്രശിഷ്യരുടെയും സഹായത്തോടെ വ്രജമണ്ഡലത്തിൽ ഏകദേശം 24 തൃപ്പാദമുദ്രകൾ ഇതുവരെ സ്ഥാപിച്ചു. ദക്ഷിണേന്ത്യയിൽ വിവിധയിടങ്ങളിലായി 25 എണ്ണവും പശ്ചിമേന്ത്യയിൽ 4 എണ്ണവും സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. അതിനായുള്ള സംഘം ഇപ്പോൾ ഗൗരമണ്ഡലഭൂമിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞത് 45 മുതൽ 50 വരെ പാദപീഠങ്ങൾ സ്ഥാപിക്കാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ പാദപീഠക്ഷേത്രങ്ങളുടെ നിർമ്മാണത്തിന് ധനസഹായം ചെയ്യാൻ താൽപ്പര്യമുള്ളവർ ദയവായി ശ്യാമരസികദാസിനെ +91 9681916108 എന്ന നമ്പറിൽ ബന്ധപ്പെടുക. ഒരു ക്ഷേത്രം പൂർണ്ണമായി പണികഴിപ്പിക്കുന്നതിന് 8 ലക്ഷം രൂപ വേണ്ടിവരും. ഗൗരമണ്ഡലവും വ്രജമണ്ഡലവും ഒന്നുതന്നെയാണ്, അവ തമ്മിൽ വ്യത്യാസമില്ല.

ഈ ഭൗതികലോകത്ത് താമസിക്കുമ്പോൾ നമുക്ക് ദുഃഖങ്ങളുണ്ടാകും. ഇവിടെ മരണമുണ്ട്. എല്ലാവരും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. എന്നാൽ ആത്മീയലോകത്ത് മരണമില്ല. നിത്യമായി കൃഷ്ണനെ സേവിച്ചുകൊണ്ട് നാം ആനന്ദത്തോടെ ജീവിക്കും. വിമാനാപകടം, ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം, വെള്ളപ്പൊക്കം തുടങ്ങിയ നിരവധി ദുരന്തങ്ങൾ ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. സമാധാനത്തിനുള്ള ഏകമാർഗം കൃഷ്ണന്റെ ദിവ്യനാമങ്ങൾ ജപിക്കുക എന്നതാണ് – ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ / ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.

നമ്മുടെ പ്രചാരണം വികസിച്ചുകൊണ്ടിരിക്കുന്നതിലും നിരവധി ഭക്തർ ഗുരുദീക്ഷ സ്വീകരിക്കുന്നതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. ദിവസവും 16 മാല ജപിക്കുമെന്ന് ദീക്ഷാസമയത്ത് ഒരാൾ പ്രതിജ്ഞയെടുക്കുന്നുണ്ട്. അതിനാൽ ഒരു ദിവസം 12 മാല മാത്രമേ ജപിക്കാൻ സാധിച്ചുള്ളുവെങ്കിൽ അടുത്ത ദിവസത്തെ 16 മാല ജപം കഴിഞ്ഞ് തലേന്ന് ബാക്കിയായ 4 മാല കൂടി ജപിച്ച് പൂർത്തിയാക്കേണ്ടതുണ്ട്. പക്ഷേ നാമജപം അന്നന്ന് പൂർത്തിയാകാതിരിക്കുന്നതും അടുത്ത ദിവസം അധികം ജപിച്ച് പൂർത്തിയാക്കേണ്ടി വരുന്നതും അത്ര സൗകര്യപ്രദമായ കാര്യമല്ല. അതിനാൽ നിങ്ങളുടെ 16 മാല നാമജപം അന്നന്ന് തന്നെ പൂർത്തിയാക്കുന്നതാണ് നല്ലത്!

എന്നാൽ ഗായത്രിമന്ത്രത്തിന്റെ കാര്യത്തിൽ ഈ രീതി സാധ്യമല്ല. ഗായത്രിമന്ത്രം ഒരു ദിവസം മൂന്ന് തവണ ജപിക്കുക തന്നെ വേണം. അത് അടുത്ത ദിവസത്തേക്ക് മാറ്റിവക്കാൻ കഴിയില്ല. അതേദിവസം തന്നെ ജപം പൂർത്തിയാക്കണം. ഉദാഹരണത്തിന് ഇന്ന് നിങ്ങൾ രാവിലെ ഗായത്രി ജപിച്ചു, പക്ഷേ ഉച്ചകഴിഞ്ഞ് ജപിക്കാൻ മറന്നുപോയെങ്കിൽ വൈകുന്നേരം രണ്ടുതവണ ഗായത്രി ജപിക്കാം. എന്നാലും അടുത്ത ദിവസത്തേക്ക് മാറ്റിവക്കാൻ കഴിയില്ല. 2008ൽ പക്ഷാഘാതം വന്ന് ആശുപത്രിയിലായിരുന്നപ്പോൾ കുറച്ചു ദിവസത്തേക്ക് ഗായത്രി ജപിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷേ അത് എന്റെ ആഗ്രഹത്തിനുമപ്പുറത്തുള്ള കാര്യമായിരുന്നു. ബോധം വീണ്ടെടുത്ത ദിവസം മുതൽ ഞാൻ വീണ്ടും ഗായത്രി ജപിക്കാൻ തുടങ്ങി. ഒരു ശിഷ്യൻ ഒരു വർഷത്തേക്ക് ഗായത്രിമന്ത്രം ജപിച്ചില്ലെങ്കിൽ അയാൾ വീണ്ടും ഗുരുവിൽ നിന്ന് മന്ത്രം സ്വീകരിക്കണമെന്ന് പറയപ്പെടുന്നു.

ശ്രീല വ്യാസദേവന്റെ ആവിർഭാവദിനവും ശ്രീല സനാതനഗോസ്വാമിയുടെ തിരോഭാവദിനവുമായ പുണ്യമായ ഗുരുപൂർണിമ ദിനത്തിലാണ് ഞാൻ ഈ സന്ദേശം എഴുതുന്നത്. ഇന്ന് ഭക്തിചാരുസ്വാമിയുടെ തിരോഭാവതിഥിയായതിനാൽ മായാപ്പൂരിൽ മൂന്ന് ദിവസത്തെ പ്രത്യേക ആഘോഷം നടത്തുന്നുണ്ട്. പരമപൂജനീയ ഭക്തിചാരുസ്വാമി ശ്രീല പ്രഭുപാദരെ വളരെ നന്നായി സേവിച്ചിരുന്നു. ശ്രീല പ്രഭുപാദർ അദ്ദേഹത്തിന്റെ സേവനത്തിൽ വളരെ സന്തുഷ്ടനുമായിരുന്നു.

ശ്രീല പ്രഭുപാദർ ലോകമെമ്പാടും ഭക്തിയോഗം പ്രചരിപ്പിച്ചു. അന്ന് അദ്ദേഹത്തിന് 70 വയസ്സായിരുന്നു. 82 വയസ്സ് വരെ അദ്ദേഹം നമ്മോടൊപ്പം വസിച്ചു. തന്റെ ഗുരുവിന്റെയും ചൈതന്യഭഗവാന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന തോന്നലുണ്ടായതിനാൽ ആ സേവ ചെയ്യാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹം ലോകമെമ്പാടും 14 തവണ സഞ്ചരിച്ച് 108 ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും കാതലായ തത്ത്വം നമുക്ക് പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം നമുക്ക് ഗ്രന്ഥങ്ങൾ രചിച്ചുനൽകി. ബി.ബി.ടിയിലൂടെ അവയെല്ലാം വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്തു. ഒരാൾ ഏതവസ്ഥയിലായിരുന്നാലും ശുദ്ധഭക്തരുമായി സഹവസിക്കാൻ ഭാഗ്യമുണ്ടായാൽ അയാൾ വളരെ വേഗത്തിൽ ഉന്നതനിലവാരത്തിലേക്ക് ഉയരുമെന്ന് ഭക്തിരസാമൃതസിന്ധുവിൽ ഞാൻ വായിക്കുകയുണ്ടായി. ഒരാൾക്ക് തപശ്ചര്യകളും വ്യത്യസ്ത യോഗവിദ്യകളും അനുഷ്ഠിക്കാൻ കഴിഞ്ഞാലും ഭക്തിയുതസേവനം നേടാൻ അത്ര എളുപ്പത്തിൽ കഴിയുകയില്ല. അതിന് പിന്നയും നിരവധി ജന്മങ്ങൾ വേണ്ടിവരും. പക്ഷേ ഒരു പരിശുദ്ധഭക്തന്റെ സഹവാസം ലഭിക്കാനായാൽ പരിശുദ്ധമായ ഭക്തിയുതസേവനം നേടാൻ നമുക്ക് സാധിക്കും. എനിക്ക് ശ്രീല പ്രഭുപാദരുടെ സഹവാസം ലഭിച്ചു. അതിനാൽ കൃഷ്ണന്റെ പ്രീതിക്കായി ഭക്തിപൂർവ്വം സേവനം ചെയ്യാൻ ഞാൻ പ്രചോദിതനായി. മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൃഷ്ണനെയും രാധാമാധവനെയും ചൈതന്യഭഗവാനെയും പഞ്ചതത്ത്വത്തെയും പ്രീതിപ്പെടുത്തണമെന്ന ആഗ്രഹത്തോടുകൂടി ദയവായി നിങ്ങൾ നിങ്ങളുടെ ഭക്തിയുതസേവനം നിർവ്വഹിക്കുക.

നാം എപ്പോഴും ശ്രീല പ്രഭുപാദരോട് നന്ദിയുള്ളവരായിരിക്കുകയും ചൈതന്യഭഗവാന്റെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുകയും വേണം. പരിധികളൊന്നുമില്ലാതെ എല്ലായിടത്തും കൃഷ്ണാവബോധം പ്രചരിപ്പിക്കണമെന്ന് ശ്രീല പ്രഭുപാദർ എന്നോടാവശ്യപ്പെട്ടു. നിങ്ങൾ ദയവായി എന്നെ സഹായിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുക. കാരണം എനിക്ക് അധികം യാത്ര ചെയ്യാൻ കഴിയുകയില്ല. നമുക്ക് നിസ്സീമമായി പ്രചാരണം നടത്തേണ്ടതുണ്ട്. അതിനായി എണ്ണമറ്റ ഭക്തരെയും നമുക്കാവശ്യമാണ്!

എപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷിയായ
ജയപതാകസ്വാമി
ജെ.പി.എസ്/എസ്.എസ്.ഡി.ബി

Translate »