എന്നിൽനിന്ന് ഗുരുദീക്ഷയും ഗുരുആശ്രയവും സ്വീകരിച്ചിട്ടുള്ള എന്റെ പ്രിയശിഷ്യരും അതിനായി ആഗ്രഹിക്കുന്നവരും എന്റെ ശിക്ഷണങ്ങൾ സ്വീകരിക്കുന്നവരും പ്രശിഷ്യരും അഭ്യുദയകാംക്ഷികളും അറിയുന്നതിന്

എന്റെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും സ്വീകരിച്ചാലും

ശ്രീല പ്രഭുപാദർക്ക് സ്തുതികൾ

എന്റെ ആസ്ഥാനമായ ശ്രീ മായാപൂർ ചന്ദ്രോദയ മന്ദിരത്തിൽ നിന്ന് എഴുതുന്നത്

തീയതി: 2025 ജൂൺ 11

പാനിഹട്ടി മഹോത്സവത്തിന് അമേരിക്കയിലെ അറ്റ്ലാന്റയിലേക്ക് പോയിട്ട് കൊൽക്കത്തയിലെ രഥയാത്രയുടെ സമയത്ത് തിരികെ എത്തണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ കൊൽക്കത്ത രഥയാത്ര ജൂൺ 27നാണ്. തുടർന്ന് ജൂലൈമാസത്തിന്റെ തുടക്കത്തിൽ ഭരണസമിതിയുടെ യോഗങ്ങളിൽ എനിക്ക് പങ്കെടുക്കേണ്ടതുണ്ട്. അവിടെ പോയാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തിരിച്ചുവരേണ്ടിവരുമെന്നും അതിനാൽ ഉൾട്ടാ രഥയാത്ര അഥവാ രഥത്തിന്റെ മടക്കയാത്ര കഴിഞ്ഞ് യാത്ര ചെയ്താൽമതിയെന്നും എന്റെ ആരോഗ്യസംഘം നിർദ്ദേശിച്ചു.

ഈ വർഷം അറ്റ്ലാന്റയിൽ പാനിഹട്ടി മഹാമഹോത്സവത്തിന്റെ 50-ാം വാർഷികമായിരുന്നു. അറ്റ്ലാന്റയിലെ ക്ഷേത്രത്തിന് ന്യൂ പാനിഹട്ടിധാമം എന്ന പേര് നൽകിയത് ശ്രീല പ്രഭുപാദരാണെന്ന് 1980ൽ ഞാൻ ആദ്യമായി ആ ക്ഷേത്രം സന്ദർശിച്ചപ്പോൾ അവർ എന്നോട് പറഞ്ഞു. പക്ഷേ ചിഡാദഹി മഹോത്സവത്തെക്കുറിച്ച് അവർക്ക് അന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. പാനിഹട്ടി എന്താണെന്നോ അത് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നോ എന്തിനുവേണ്ടിയാണെന്നോ പാശ്ചാത്യരിൽ ആർക്കും യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ചിഡാദഹി മഹോത്സവത്തിന്റെ ലീല മുഴുവനും ചൈതന്യചരിതാമൃതത്തിൽ വിവരിച്ചിട്ടുണ്ട്. ചൈതന്യഭഗവാൻ ലീലകൾ ചെയ്തിട്ടുള്ള വളരെ സവിശേഷമായ സ്ഥലങ്ങളിലൊന്നാണ് പാനിഹട്ടി. ജഗന്നാഥപുരിയിൽ നിന്ന് നിത്യാനന്ദഭഗവാൻ തന്റെ സങ്കീർത്തനസംഘത്തെ ബംഗാളിൽ ആദ്യമായി കൊണ്ടുവന്നത് പാനിഹട്ടിയിലാരുന്നു.

ഞാൻ അവിടെ സന്ദർശിച്ചപ്പോൾ 18 തരം വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കിക്കൊണ്ട് ഒരു ചിഡാദഹി മഹോത്സവം കൊണ്ടാടാൻ ഞങ്ങൾ ആരംഭിച്ചു. പിന്നീട് ഒരു വർഷത്തിനുള്ളിൽ എന്റെ പൂർവ്വാശ്രമത്തിലെ മാതാവ് ചിഡാദഹി മഹോത്സവത്തിൽ പങ്കെടുക്കാനായി ന്യൂ പാനിഹട്ടി ധാമത്തിലെത്തിയപ്പോൾ ചിഡാദഹിയുടെ കലശങ്ങൾ ലേലം ചെയ്ത് ക്ഷേത്രത്തിനായി ഫണ്ട് സ്വരൂപിക്കാൻ ഞങ്ങളോട് നിർദ്ദേശിച്ചു. അത് ഞങ്ങൾ പരീക്ഷിച്ചു നോക്കി. വളരെ വിജയകരമായിരുന്നു. അതനുസരിച്ച് ന്യൂ പാനിഹട്ടിധാമിൽ കലശങ്ങൾ സ്പോൺസർ ചെയ്യാൻ അവർ ആളുകളെ അനുവദിക്കുകയും മൂന്നോ നാലോ കലശങ്ങൾ ലേലം ചെയ്യുകയും ചെയ്തു. ഇസ്കോൺ ലണ്ടനിൽ പാനിഹട്ടി ചിഡാദഹി കലശങ്ങളുടെ ലേലത്തോടൊപ്പം നിരവധി പുസ്തകങ്ങൾ വാങ്ങാൻ ഭക്തരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി ഞാൻ കേട്ടു.

ഇവിടെ മായാപൂരിൽ വളരെ മനോഹരമായ ഒരു പാനിഹട്ടി മഹോത്സവം ഞങ്ങൾ ആഘോഷിച്ചു. മായാപൂർധാമം വികസിപ്പിക്കുക എന്നത് ശ്രീല പ്രഭുപാദർ എനിക്ക് നൽകിയ നിർദ്ദേശങ്ങളിലൊന്നാണ്. “ഞാൻ നിനക്ക് ഈ ആത്മീയലോകം തരുന്നു. ഇനി നീ അത് അഭിവൃദ്ധിപ്പെടുത്തുക!” എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അന്നുമുതൽ മായാപൂർധാമം വികസിപ്പിക്കാൻ വേണ്ടി ഞാൻ പല വിധത്തിലും പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് മൂലമുള്ള ലോക്ക്ഡൗൺ സമയത്ത് ഞാൻ ഇവിടെ മായാപൂരിലായിരുന്നു. ആ സമയത്ത് ഞങ്ങൾ ഒരു പാനിഹട്ടി മഹോത്സവം നടത്തി. തുടർന്ന് എല്ലാ വർഷവും മായാപൂരിൽ അത് നടത്തണമെന്ന് ഞാൻ സഹകാര്യകർത്താക്കളോട് അഭ്യർത്ഥിച്ചു. അവർ സമ്മതിക്കുകയും ചെയ്തു. പഞ്ചതത്ത്വത്തിന്റെ പ്രീതിക്കായി ഇനിമുതൽ മായാപൂരിൽ ഇത് ഒരു വാർഷികോത്സവമാക്കുമെന്ന് അവർ പറഞ്ഞിരിക്കുകയാണ്. എല്ലാ ഭക്തരും ഈ ഉത്സവത്തിൽ ആവേശത്തോടെ പങ്കെടുക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്തുകൊണ്ടോ മായാപൂരിൽ കലശങ്ങളുടെ ലേലം നടന്നില്ല. പക്ഷേ അടുത്ത വർഷം അതും സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഭക്തിവിജയഭാഗവത സ്വാമി ഒരു ദിവസത്തെ നിതായ്പാനിഹട്ടി മാരത്തോൺ നടത്തി. 486 സെറ്റ് ചൈതന്യചരിതാമൃതം വിതരണം ചെയ്തു. മെയ് 17 ന് ശ്രീ മായാപൂർ ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേകമായി ഒരു പാനിഹട്ടി മഹോത്സവം നടത്തി. ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും പാനിഹട്ടി മഹോത്സവം ആഘോഷിച്ചു.

പാനിഹട്ടി എന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയണമെന്ന് ശ്രീല പ്രഭുപാദർ എനിക്ക് നിർദ്ദേശം നൽകിയിരുന്നു. പക്ഷേ ആ നിർദ്ദേശപൂർത്തീകരണത്തിനായി ഇതുവരെ എനിക്ക് ഒരു സെക്രട്ടറിയില്ല. അന്നത്തെ ആൽമരം നിന്ന സ്ഥലത്തു തന്നെ ഒരു ക്ഷേത്രം നിർമ്മിക്കണമെന്ന് ശ്രീല പ്രഭുപാദർ ആഗ്രഹിച്ചിരുന്നു. താഴത്തെ നില തുറന്നതായിരിക്കും. രണ്ടാം നിലയിലായിരിക്കും വിഗ്രഹങ്ങൾ.

ഇന്ന് സ്നാനപൂർണ്ണിമയാണ്. രാജാപൂരിൽ വളരെ വിശേഷമായി സ്നാനയാത്രാമഹോത്സവം ആഘോഷിക്കുന്നുണ്ട്. ഭഗവാൻ സ്നാനം ചെയ്യുന്ന ചടങ്ങാണിത്. ഈ ദിവസം നിരവധി ഭക്തരും ഗ്രാമവാസികളും ഭഗവാൻ ജഗന്നാഥൻ, ബലദേവൻ, സുഭദ്ര, സുദർശനൻ എന്നിവരെ സ്നാനം ചെയ്യിക്കാനായി എത്തുന്നു. കഴിഞ്ഞമാസം ദിഘ ജഗന്നാഥക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഉണ്ടായിരുന്നു. ക്ഷേത്രഭരണസമിതിയുടെ ഭാഗമായ രാധാരമണദാസ് ക്ഷേത്രത്തിലെ വിവരങ്ങൾ നിത്യേന എന്നെ അറിയിക്കുന്നുണ്ട്. നിരവധി വിദേശഭക്തർ ദിഘ ജഗന്നാഥക്ഷേത്രം സന്ദർശിക്കുകയും കീർത്തനം, പുസ്തക വിതരണം, മറ്റ് വിവിധ സേവനങ്ങൾ എന്നിവ നടത്തുകയും ചെയ്തു. ഈ വാർത്ത പ്രാദേശിക പത്രങ്ങളിലും പ്രസിദ്ധീകരിച്ചു. ആയിരക്കണക്കിന് പ്രാദേശിക തീർത്ഥാടകർ ദിവസവും ക്ഷേത്രം സന്ദർശിക്കുന്നുണ്ട്. മായാപൂരിൽ നിന്നുള്ള നിരവധി ഭക്തരും മായാപൂർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു കൂട്ടം ഭക്തരും ക്ഷേത്രം സന്ദർശിക്കുകയും കീർത്തനം, പുസ്തകവിതരണം എന്നിവ നടത്തുകയും ചെയ്തു. നമുക്ക് ലഭിച്ച ഒരു മികച്ച പ്രചരണ അവസരമാണിത്.

നൃസിംഹചതുർദശി കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞപ്പോൾ എനിക്ക് പനിയും ഒരു അണുബാധയും പിടിപെട്ടു. അതിന് ചികിത്സ ചെയ്തതിനൊപ്പം എന്റെ ശബ്ദം വളരെ ദുർബ്ബലമായി. ഇപ്പോഴും അത് അങ്ങനെതന്നെ തുടരുന്നു. എന്നിരുന്നാലും ശ്രീല പ്രഭുപാദർക്ക് വേണ്ടിയുള്ള സേവനങ്ങൾ ഞാൻ തുടരുന്നു. കൃഷ്ണബോധമില്ലാതെ ഒരു നിമിഷം പോലും പാഴാക്കി കളയാതിരിക്കാൻ നാം വളരെ ജാഗ്രത പാലിക്കണമെന്ന് ശ്രീല പ്രഭുപാദർ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ ദൈനംദിന ജപവും വായനകളും നടത്തുകയും വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും ഭക്തർക്ക് ദീക്ഷ നൽകുകയും ഉത്സവങ്ങളിലും മറ്റ് നിരവധി സേവനങ്ങളിൽ പങ്കെടുക്കുകയും ചെയ്തുകൊണ്ട് ഞാനത് ആചരിച്ചുവരുന്നു. ചിലപ്പോൾ എന്റെ സെക്രട്ടറിമാർ ശബ്ദത്തിന് വിശ്രമം നൽകാൻ എന്നോട് പറയും. അപ്പോൾ ഞാൻ വിവിധ രേഖകൾ, ഇമെയിലുകൾ മുതലായവ വായിച്ചുകേൾക്കുകയും ശബ്ദത്തിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കൈകൊണ്ട് ആംഗ്യങ്ങളോ കുറഞ്ഞ വാക്കുകൾ ഉപയോഗിച്ചോ മറുപടി നൽകുകയും ചെയ്യും. ഡയാലിസിസ് മുറിയിൽ ഒരു വലിയ സ്‌ക്രീൻ ഉണ്ട്. അതിനാൽ ഡയാലിസിസ് നടക്കുന്ന സമയം ഭക്തരിൽ നിന്നുള്ള വീഡിയോ റിപ്പോർട്ടുകളും വിവിധ രേഖകളും കാണാൻ സമയം വിനിയോഗിക്കും. കൂടുതൽ ശിഷ്യരിൽ നിന്ന് അവരുടെ വീഡിയോ റിപ്പോർട്ടുകൾ ലഭിക്കാൻ കാത്തിരിക്കുകയാണ്. അവർ അയച്ചാൽ അതെനിക്ക് വളരെ സന്തോഷപ്രദമായിരിക്കും.  

എല്ലാ ഭക്തരും ഭക്തിയുതസേവനത്തിൽ വളരെ ഉത്സാഹഭരിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയായാൽ അവർക്ക് വളരെ വേഗം കൃഷ്ണബോധത്തിൽ മുന്നേറാൻ കഴിയും. ഞാൻ കാനഡയിലെ മോൺട്രിയലിൽ ആയിരുന്നപ്പോൾ ആദ്യ വർഷത്തിൽ എന്നെ മോൺട്രിയലിന്റെ മൂന്നാമത്തെ പ്രസിഡന്റാക്കി. ശ്രീല പ്രഭുപാദർ എനിക്ക് നൽകിയ ഏതൊരു സേവനവും ആവേശത്തോടെ ഞാൻ ഏറ്റെടുത്തു എന്നതാണ് അതിന് കാരണം. എല്ലാ ഭക്തർക്കും അവരവരുടെ ഭക്തിയുതസേവനത്തിൽ മുന്നേറാൻ കഴിയണം. അങ്ങനെ അവർക്ക് ഭക്തിയോഗമാകുന്ന ആനന്ദസാഗരത്തിലെ അമൃത് ആസ്വദിക്കാൻ കഴിയും. ഭക്തിയോഗം അഥവാ ഭക്തിയുതസേവനം എന്നത് ഒരു അമൃതസാഗരമാണ്. യമനിയമങ്ങൾ പാലിച്ചുകൊണ്ടുവേണം ഭക്തർ ഭക്തിയുതസേവനം പരിശീലിക്കേണ്ടത്. പതിവായി നാമം ജപിക്കുകയും പടിപടിയായി കൃഷ്ണബോധത്തിൽ മുന്നേറുകയും വേണം. നിങ്ങളെല്ലാവരും ദിവസവും കുറഞ്ഞത് 16 മാല ജപിക്കുകയും നാല് യമനിയമങ്ങൾ തെറ്റാതെ പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പരിശുദ്ധമായ നാമജപവും കൃഷ്ണനും വ്യത്യസ്തമല്ല. ശിക്ഷാഷ്ടകത്തിലെ ആദ്യശ്ലോകത്തിൽ തന്നെ ശ്രീ ചൈതന്യമഹാപ്രഭു പറഞ്ഞിരിക്കുന്നതുപോലെ നമ്മുടെ ഹൃദയമാകുന്ന കണ്ണാടിയെ ഭൗതികലോകത്തിലെ അശുദ്ധമായ പൊടിപടലങ്ങളാൽ മൂടപ്പെട്ട് മലിനമായിരിക്കുന്ന അവസ്ഥയിൽ നിന്നും വൃത്തിയാക്കിയെടുക്കുന്ന പ്രക്രിയയാണ് ഹരേകൃഷ്ണ മഹാമന്ത്രജപം.

അബദ്ധവശാൽ മാംസാഹാരം ചേർത്ത ചില ഭക്ഷ്യവസ്തുക്കൾ അറിയാതെ കഴിച്ചുപോയതായി ഈയടുത്തിടെ ചില ഭക്തർ എനിക്ക് എഴുതിയിരുന്നു. ഉള്ളി, വെളുത്തുള്ളി, മുട്ട മുതലായവ ഉണ്ടോ എന്ന് പരിശോധിക്കാൻ നാം വളരെയധികം ശ്രദ്ധിക്കണം. ഞാൻ യാത്ര ചെയ്യുമ്പോഴെല്ലാം എന്റെ പ്രസാദം കൊണ്ടുപോകാറാണ് പതിവ്. ​അത് മാത്രമേ ഞാൻ കഴിക്കുകയുള്ളൂ. വിമാനത്തിൽ നിന്ന് പഴങ്ങളോ സാലഡോ മാത്രമേ കഴിക്കൂ. കാരണം നമുക്ക് അവരെ മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. അതിനാൽ മാംസാഹാരം കഴിക്കാതിരിക്കാനും നിയമവിരുദ്ധമായ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കാനും ചൂതാട്ടം നടത്താതിരിക്കാനും ലഹരി ഉപയോഗിക്കാതിരിക്കാനും നാം വളരെ ശ്രദ്ധിക്കണം.

എന്റെ എല്ലാ ശിഷ്യരും ശ്രീല പ്രഭുപാദരുടെ പുസ്തകങ്ങൾ ക്രമാനുഗതമായി പഠിക്കുകയും ബിരുദങ്ങൾ നേടുകയും പ്രചാരണം നടത്തുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രചാരണം ചെയ്താൽ മാത്രം പോര, പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അവർ സ്വന്തം ജീവിതത്തിൽ ആചരിക്കുകയും വേണം. ഭക്തിമാർഗ്ഗത്തിലെ മുതിർന്നവർ ഇളയ ഭക്തരെ പരിപാലിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. മറ്റുള്ളവരോട് കരുതലുള്ള വ്യക്തിയാണ് ഒരു യഥാർത്ഥ ഭക്തൻ. ആത്മീയാചാരങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ ആദ്യം അവർ സ്വയം യോഗ്യരാകണം. ഒരിക്കൽ ഒരു മകൻ നദിയിൽ വീണു മുങ്ങിമരിച്ച ഒരു സംഭവം ഉണ്ടായി. അവനെ രക്ഷിക്കാൻ ആഗ്രഹിച്ച് പിതാവ് ഉടനെ വെള്ളത്തിലേക്ക് ചാടി. പക്ഷേ നീന്താൻ അറിയില്ല എന്ന് അപ്പോഴാണ് അയാൾ ഓർത്തത്. അങ്ങനെ അച്ഛനും മകനും മരിച്ചു. ജീവൻ രക്ഷിക്കാനാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർ ആദ്യം നീന്തൽ പഠിക്കുകയും ജീവൻ രക്ഷിക്കാനുള്ള വിദ്യകളിൽ പരിശീലനം നേടുകയും വേണം. അതിനാൽ ഭക്തർ കൃഷ്ണാവബോധം ഗൗരവമായി പരിശീലിക്കുകയും അവരുടെ സ്വഭാവത്തിലും ആത്മീയജ്ഞാനത്തിലും നന്നായി പുരോഗതി കൈവരിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു. മറ്റൊരാളെ സഹായിക്കുന്നതിന് മുമ്പ് നിങ്ങൾ ആദ്യം നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ആത്മീയപാഠങ്ങൾ പരിശീലിക്കുകയും പ്രാവർത്തികമാക്കുകയും വേണം. ഇപ്പോൾ നിങ്ങൾ ഒരു വിദ്യാർത്ഥിയായിരിക്കാം, പക്ഷേ പിന്നീട് നിങ്ങൾ ഒരു അധ്യാപകനാകും. അതിനാൽ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിങ്ങൾ സ്വയം തയ്യാറാകണം.

നിങ്ങളെല്ലാവരും നിങ്ങളുടെ ഭക്തിയുതസേവനത്തിൽ വളരെ സ്ഥിരത പുലർത്തണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

എപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷിയായ,
ജയപതാകസ്വാമി

ജെ.പി.എസ്/എസ്.എസ്.ഡി.ബി

Translate »