മധുസൂദനമാസത്തിലെ പ്രതിമാസ സന്ദേശം (2025 ഏപ്രിൽ 14 മുതൽ മെയ് 12 വരെ)

എന്നിൽനിന്ന് ഗുരുദീക്ഷയും ഗുരുആശ്രയവും സ്വീകരിച്ചിട്ടുള്ള എന്റെ പ്രിയശിഷ്യരും അതിനായി ആഗ്രഹിക്കുന്നവരും എന്റെ ശിക്ഷണങ്ങൾ സ്വീകരിക്കുന്നവരും പ്രശിഷ്യരും അഭ്യുദയകാംക്ഷികളും അറിയുന്നതിന്

എന്റെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും സ്വീകരിച്ചാലും

ശ്രീല പ്രഭുപാദർക്ക് സ്തുതികൾ

എന്റെ ആസ്ഥാനമായ ശ്രീ മായാപൂർ ചന്ദ്രോദയ മന്ദിരത്തിൽ നിന്ന് എഴുതുന്നത്

തീയതി: 2025 മെയ് 11

നരസിംഹഭഗവാൻ അവതരിച്ച ശുഭകരമായ ദിവസമാണ് ഇന്ന്. 1986 മുതൽ മായാപൂരിൽ പ്രഹ്ലാദമഹാരാജിനോടൊപ്പമുള്ള സ്ഥാണുനരസിംഹദേവനെ നമ്മൾ ആരാധിച്ചുവരുന്നു. ഇവിടെ ഭഗവാൻ ഉഗ്രരൂപത്തിലാണ് നിലകൊള്ളുന്നത്. ഹിരണ്യകശിപു എന്ന അസുരനെ വധിക്കാനായി തൂണിൽ നിന്ന് പുറത്തേക്ക് വരുന്ന രൂപമാണത്. ഭഗവാന്റെ ഉഗ്രരൂപം ഭക്തർക്ക് സമ്പൂർണ്ണ സംരക്ഷണം നല്കുന്നു. സുഹൃത്തുക്കൾക്കെല്ലാം കൃഷ്ണബോധം നൽകിയിരുന്ന 5 വയസ്സുള്ള തന്റെ മകനായ പ്രഹ്ലാദനെ കൊല്ലാൻ ഹിരണ്യകശിപു തയ്യാറായി. ശ്രീല പ്രഭുപാദരാണ് നരസിംഹഭഗവാനെ ആരാധിക്കുവാൻ നമുക്ക് പഠിപ്പിച്ചുതന്നത്.

ആത്മീയഗുരുവിന്റെ ആരോഗ്യത്തിനായി ഭക്തർക്ക് നരസിംഹഭഗവാനോട് പ്രാർത്ഥിക്കാമെന്ന് ഒരിക്കൽ ശ്രീല പ്രഭുപാദർ രോഗബാധിതനായിരുന്ന സമയത്ത് പറഞ്ഞിട്ടുണ്ട്. നമ്മുടെ പരമഗുരുവായ കൃഷ്ണ കൃപാമൂർത്തി ശ്രീല ഭക്തിസിദ്ധാന്തസരസ്വതി ഠാക്കൂർ പ്രഭുപാദരും യോഗപീഠക്ഷേത്രത്തിൽ നരസിംഹഭഗവാന്റ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ശ്രീല ഭക്തിവിനോദ ഠാക്കൂർ എഴുതിയ ഒരു പ്രത്യേക പ്രാർത്ഥനാഗീതവുമുണ്ട്. നവദ്വീപധാമത്തിലെ മായാപൂരിൽ ശ്രീ ശ്രീ രാധാമാധവനെ ആരാധിക്കാനുള്ള അനുവാദത്തിനായി ഭഗവാൻ അവിടുത്തെ തൃപ്പാദങ്ങൾ തന്റെ ശിരസ്സിൽ വെച്ച് അനുഗ്രഹിക്കണമെന്ന് ആ പ്രാർത്ഥനാഗീതത്തിൽ ശ്രീല ഭക്തിവിനോദ ഠാക്കൂർ നരസിംഹഭഗവാനോട് അപേക്ഷിക്കുന്നു. നരസിംഹഭഗവാന്റെ കാരുണ്യത്താലാണ് രാധാമാധവനെ ആരാധിക്കാൻ നമുക്ക് കഴിയുന്നത്. ഗുരുദീക്ഷയും ഗുരുആശ്രയവും സ്വീകരിച്ചവരും അതിനുവേണ്ടി കാത്തിരിക്കുന്നവരും എന്റെ ശിക്ഷണങ്ങൾ പിന്തുടരുന്നവരും പ്രശിഷ്യരുമടക്കം എന്റെ പ്രിയപ്പെട്ട എല്ലാ ശിഷ്യർക്കും വേണ്ടി പ്രഹ്ലാദനരസിംഹ ഭഗവാനോട് ഞാൻ പ്രത്യേക പ്രാർത്ഥനകൾ അർപ്പിച്ചു. ഭക്തിയുതസേവനത്തിന്റെ പാതയിലെ തടസ്സങ്ങളെല്ലാം നീങ്ങി ശുദ്ധമായ ഭക്തിയുതസേവനത്തിൽ സ്ഥിരമായി നിലകൊള്ളാൻ അവർക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു. അതോടൊപ്പം ഇസ്‌കോണിലെ എല്ലാ ഭക്തർക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കാറുണ്ട്. ഭക്തിചാരുസ്വാമി (bcs.jpscare@gmail.com) യുടെയും ഗോപാലകൃഷ്ണഗോസ്വാമി (gkg.jpscare@gmail.com) യുടെയും ശിഷ്യർക്കായി എനിക്ക് പ്രത്യേകം ഇമെയിൽ വിലാസങ്ങളുണ്ട്.

നൃസിംഹഭഗവാൻ അതീവ കാരുണ്യവാനാണ്. പക്ഷാഘാതത്തിൽ നിന്ന് ഞാൻ സുഖം പ്രാപിച്ചതും നരസിംഹഭഗവാന്റെ കാരുണ്യം കൊണ്ടാണെന്നാണ് ഭക്തർ പറയുന്നത്. എന്നെപ്പോലെ പക്ഷാഘാതം ബാധിച്ച വേറേ ആരും ഇതുവരെ സുഖം പ്രാപിച്ചതായി കണ്ടിട്ടില്ല എന്നാണ് എന്നെ ചികിത്സിച്ചിരുന്ന നാഡീരോഗവിദഗ്ധർ പറഞ്ഞത്. എന്റെ സുഖപ്രാപ്തി ഒരു അത്ഭുതസംഭവമായിട്ടാണ് അവർ കണക്കാക്കുന്നത്.

അക്ഷയതൃതീയ ദിനത്തിൽ ജഗന്നാഥധാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനായി ഞാൻ ദിഘയിൽ പോയിരുന്നു. ശ്രീല പ്രഭുപാദർ എനിക്ക് നിരവധി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ ചിലത് കാണ്ടാമൃഗത്തെ വെടിവയ്ക്കുന്നതിന് തുല്യം ദുഷ്ക്കരമാണ്. എന്നാലും ശ്രീല പ്രഭുപാദർ ആവശ്യപ്പെട്ടതിനാൽ അവ നിറവേറ്റാൻ ഞാൻ ശ്രമിക്കുകയാണ്. വിദേശീയരായ ഭക്തർക്ക് ജഗന്നാഥപുരിക്ഷേത്രത്തിൽ പ്രവേശനം ലഭിക്കാൻ ശ്രമിക്കണമെന്നതായിരുന്നു അദ്ദേഹം എനിക്ക് നൽകിയ നിർദ്ദേശങ്ങളിലൊന്ന്. ഹിന്ദുക്കളായി ജനിക്കാത്തവരെ ഹിന്ദുക്കളുടെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് കേട്ടപ്പോൾ അവിടെ പോകാൻ ശ്രീല പ്രഭുപാദരും വിസമ്മതിച്ചു. ചൈതന്യമഹാപ്രഭുവിനെ സ്വയംഭഗവാനായി അംഗീകരിക്കുന്ന അവിടെയുള്ള ഭക്തർ ചൈതന്യമഹാപ്രഭുവിന്റെ ഭക്തരെയും സ്വീകരിക്കണമെന്ന് ശ്രീല പ്രഭുപാദർ ആവശ്യപ്പെട്ടു. ആദ്യദിനങ്ങളിൽ ഒരിക്കൽ പുരിയിലെ ശങ്കരാചാര്യരിൽ ഒരാളുടെയടുത്ത് ഞാൻ പോയിരുന്നു. പക്ഷേ തിളച്ച നെയ്യ് കുടിച്ച് മരിച്ചിട്ട് ഹിന്ദുവായി പുനർജ്ജനിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം പുരിയിലെ രാജാവായ ഗജപതിമഹാരാജാവിന് ഞാൻ ഒരു കത്തെഴുതി. കഴിഞ്ഞ 50 വർഷത്തിലേറെയായി പല വഴികളും ശ്രമിച്ചുനോക്കി. അവിടെ സ്വാധീനമുള്ള നിരവധി ആളുകളെ സമീപിക്കുകയും ചെയ്തു. പക്ഷേ വിദേശീയർ ക്ഷേത്രത്തിൽ വന്നാൽ അവരുടെ ഭക്തിയിൽ ആകർഷിതനായി ജഗന്നാഥഭഗവാൻ ക്ഷേത്രം വിട്ട് അവരോടൊപ്പം പോകുമെന്ന് അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ടെന്ന് ദൈതപതികളിൽ ഒരാൾ എന്നോട് പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ നമ്മുടെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ശ്രീമതി മമതാബാനർജി പശ്ചിമബംഗാളിലെ ദിഘയിൽ പുരിയിലെ ജഗന്നാഥക്ഷേത്രത്തിന്റെ തനിപ്പകർപ്പായ ഒരു ജഗന്നാഥമന്ദിരം പണികഴിപ്പിച്ചു. ദിഘ എന്ന പ്രദേശം ഗൗരമണ്ഡലഭൂമിയിലും ജഗന്നാഥപുരി ശ്രീക്ഷേത്രത്തിലുമാണ് സ്ഥിതിചെയ്യുന്നത്. പുരിയിലെ ജഗന്നാഥക്ഷേത്രത്തിന്റെയും ദിഘയിലെ ജഗന്നാഥധാമത്തിന്റെയും വാസ്തുവിദ്യയിൽ 15 മില്ലിമീറ്റർ വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് വാസ്തുശില്പി പറഞ്ഞു!

അവിടെ മൂന്ന് വിഗ്രഹങ്ങളുണ്ട്. ജഗന്നാഥൻ, ബലദേവൻ, സുഭദ്ര, സുദർശനൻ എന്നിവരുടെ വലിയ വിഗ്രഹങ്ങളും അവരുടെ തന്നെ ചെറിയ വിഗ്രഹങ്ങളും കൂടാതെ രാധാമദനമോഹന വിഗ്രഹവുമുണ്ട്. പുരിയിൽ നിന്ന് വന്ന പാണ്ഡകളാണ് ചെറിയ വിഗ്രഹങ്ങളുടെ പ്രാണപ്രതിഷ്ഠ നടത്തിയത്. മറ്റെല്ലാ വിഗ്രഹങ്ങളുടെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് ഞാൻ നിർവ്വഹിച്ചു.

ജഗന്നാഥ്പുരിക്ഷേത്രത്തിനു മുകളിലെ സുദർശനചക്രത്തിൽ ബന്ധിച്ചിരുന്ന ധ്വജം ഒരു ഗരുഡൻ കൊത്തിയെടുത്തുകൊണ്ട് ക്ഷേത്രത്തിന് ചുറ്റും ഘടികാരദിശയിലും എതിർദിശയിലും പ്രദക്ഷിണം ചെയ്തതിനുശേഷം പുരിയിലെ ഒരു വീടിന്റെ മട്ടുപ്പാവിൽ ഉപേക്ഷിച്ച് പറന്നുപോയി. നമ്മുടെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം അതേ ധ്വജം പുരിനിവാസിയായ വ്യക്തി ദിഘയിലേക്ക് കൊണ്ടുവരുകയും ദിഘ ക്ഷേത്രത്തിനുമുകളിൽ സ്ഥാപിക്കുകയും ചെയ്തു. ജഗന്നാഥഭഗവാൻ ഇത്രയധികം കരുണാമയനായിരിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല!

ദിഘയിൽ ക്ഷേത്രം നിർമ്മിച്ചതിന് ശേഷം ഒരിക്കലും പിൻവലിക്കാനാകാത്ത തരത്തിൽ ഒരു ധാരണാപത്രം തയ്യാറാക്കിക്കൊണ്ട് ക്ഷേത്രാരാധന നടത്താനുള്ള അവകാശം എക്കാലത്തേക്കുമായി ഇസ്കോണിനെ ഏല്പിച്ചു. കൊൽക്കത്തയിലെ ഇസ്‌കോണിന്റെ വൈസ് പ്രസിഡന്റായ രാധാരമൺദാസാണ് ഇതിനായി പ്രയത്നിച്ചത്. പുരിയിൽ ഈ സേവനം ചെയ്യാൻ ആയിരക്കണക്കിന് പാണ്ഡകളുണ്ട്. പക്ഷേ ദിഘയിൽ ഭഗവദ്സേവനത്തിനായി നമുക്ക് ഭക്തരെ ആവശ്യമുണ്ട്. വിഗ്രഹാരാധന, നാമസങ്കീർത്തനം, പുസ്തകവിതരണം, പ്രസാദവിതരണം ഇതെല്ലാം നമുക്ക് ചെയ്യാൻ കഴിയും. സേവനത്തിനും പ്രചാരണത്തിനും അവിടെ ധാരാളം അവസരങ്ങളുണ്ട്. അവിടെ പോയി സേവനം ചെയ്യാൻ തയ്യാറുള്ളവർക്ക് താമസസൗകര്യവും പ്രസാദവും നൽകും. അതിശയകരമെന്നു പറയട്ടെ, നമ്മളെ പുരി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെങ്കിലും അതേപോലെ തന്നെയുള്ള ഒരു ജഗന്നാഥക്ഷേത്രം ദിഘയിൽ നമുക്കുവേണ്ടി ഭഗവാൻ നൽകിയിരിക്കുന്നുവെന്ന് മാത്രമല്ല അവിടുത്തെ വിഗ്രഹാരാധനയും എക്കാലത്തേക്കുമായി നമ്മളെ ഏല്പിച്ചിരിക്കുന്നു! കുറച്ച് സമയത്തേക്കെങ്കിലും ഈ ക്ഷേത്രത്തിൽ വന്ന് സേവനം ചെയ്യണമെന്നാവശ്യപ്പെട്ട് വിദേശീയരായ നിരവധി ഭക്തർക്ക് ഞാൻ കത്തയച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ എന്തെങ്കിലും സേവനം ഏറ്റെടുക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ +91 8369960736 എന്ന നമ്പറിൽ ആദരണീയനായ തുളസിപ്രിയാദാസിനെ ബന്ധപ്പെടുക. നിങ്ങൾക്ക് അതിനുള്ള സൗകര്യം അദ്ദേഹം ഒരുക്കിത്തരും.

ബംഗ്ലാദേശിലെ ഛട്ടഗ്രാമത്തിലെ ബാഷ്ഖാലി എന്ന സ്ഥലത്തുള്ള ഗദാധരപണ്ഡിതധാമത്തിൽ നടന്ന ഗദാധരപണ്ഡിതന്റെ അവതാരദിനത്തിലെ ആഘോഷത്തിലും ഈ മാസം ഞാൻ പങ്കെടുത്തു. സൂമിലൂടെയാണ് പരിപാടിയിൽ പങ്കെടുത്തത്. ഏകദേശം 4000 പേർ ആഘോഷത്തിൽ പങ്കുകൊണ്ടു എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇത് വൈശാഖമാസമാണ്. ഒരു വർഷത്തിലെ ഏറ്റവും ശുഭകരമായ മൂന്ന് മാസങ്ങളിൽ ഒന്നാണ് വൈശാഖമാസം. സഭാവികസനമന്ത്രാലയത്തിലെ ഭക്തികിഡ്‌സിന്റെ കീഴിൽ ഗൗരാംഗിഗന്ധർവീക ദേവിദാസി വൈശാഖമാസ ചലഞ്ച് എന്ന ഒരു പരിപാടി സംഘടിപ്പിച്ചു. 850 പേർ അതിൽ പങ്കെടുത്തു. ദിവസേന ഒരു നിശ്ചിത എണ്ണം നാമജപം, കീർത്തനം, ശ്ലോകങ്ങളുടെ പഠനം, ക്ലാസ്സുകളുടെ ശ്രവണം അങ്ങനെ വിവിധതരം ഭക്തിയുതസേവനങ്ങൾ സജീവമായി നടത്തി. ഓരോ ദിവസവും വ്യത്യസ്തമായ ഓരോ കാര്യങ്ങളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്. പങ്കെടുത്തവരിൽ 20% പേർ കൃഷ്ണാവബോധത്തിൽ പുതിയതായി എത്തിയവരായിരുന്നു.

ഇന്നത്തെ മംഗളകരമായ നരസിംഹചതുർദശി ദിനത്തിൽ നിത്യാനന്ദഭഗവാന്റെ പാദകമലങ്ങളിൽ ഞാൻ അഭിഷേകം നടത്തി. തമിഴ്നാട്ടിലെ മധുരയിലെ അറുപ്പുകോട്ടൈയിൽ സ്ഥാപിക്കാനുള്ള ഭഗവൽതൃപ്പാദങ്ങളാണ് അവ. നിത്യാനന്ദപ്രഭു ആ സ്ഥലം സന്ദർശിച്ചതിന് തെളിവുകളുണ്ട്.

ഗുരുദീക്ഷ സ്വീകരിക്കുന്നത് തികച്ചും സ്വന്തം ആഗ്രഹപ്രകാരമായിരിക്കണമെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ ഗുരുവിൽനിന്നും ദീക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ ജീവിതകാലം മുഴുവൻ അത് പാലിക്കണം. ശിഷ്യനെ ഭഗവത്തിങ്കലേക്ക് തിരികെ കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ദീക്ഷാവേളയിൽ ഗുരു ഏറ്റെടുക്കുന്നു. ഏറ്റവും മുഖ്യമായി നിത്യവും കുറഞ്ഞത് പതിനാറ് മാല ഹരേകൃഷ്ണമഹാമന്ത്രം ജപിക്കുകയും നാല് യമനിയമങ്ങൾ പാലിക്കുകയും ചെയ്യണമെന്നത് ശിഷ്യന്റെ ഉത്തരവാദിത്തമാണ്. ഈ പ്രതിജ്ഞകൾ കോട്ടം തട്ടാതെ പാലിക്കുകയാണെങ്കിൽ ഈ ജീവിതകാലത്തിനൊടുവിൽ നിങ്ങൾ ആത്മീയലോകത്തിലേക്ക് തിരികെ പോകുമെന്നുറപ്പാണ്. ബദ്ധജീവിതത്തിലെ ജനനമരണചക്രത്തിലേക്ക് വീണ്ടും നിങ്ങൾക്ക് മടങ്ങിവരേണ്ടിവരുകകയില്ല. നിരവധി യുവാക്കൾ കൃഷ്ണാവബോധപ്രക്രിയയിൽ തല്പരരായി ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിക്കാൻ പ്രചോദിതരാകുന്നതായി ഞാൻ കാണാറുണ്ട്. എന്നാൽ പിന്നീട് അവർ ക്രമേണ തുടർപഠനം, പരീക്ഷകൾ മുതലായ തിരക്കുകളിൽ പെടുകയും ദിവസേന 16 മാല നാമജപം പൂർത്തിയാക്കാൻ സമയം ലഭിക്കുന്നില്ലെന്ന് പറയുകയും ചെയ്യുന്നു. ഭഗവാന്റെയും അഗ്നിയുടെയും ശ്രീല പ്രഭുപാദരുടെയും ആത്മീയഗുരുവിന്റെയും മറ്റ് വൈഷ്ണവരുടെയും മുമ്പാകെ നിങ്ങൾ എടുക്കുന്ന പ്രതിജ്ഞ നിങ്ങളുടെ ജീവിതകാലം മുഴുവൻ പാലിക്കപ്പെടേണ്ടതാണെന്ന് ഊന്നിപ്പറയാൻ ഞാനാഗ്രഹിക്കുന്നു. ഭഗവാന്റെ അടുത്തേക്ക് മടങ്ങിപ്പോകാൻ ബ്രാഹ്മണദീക്ഷ ആവശ്യമാണോ എന്ന് ചിലപ്പോൾ ഭക്തർ എന്നോട് ചോദിക്കാറുണ്ട്. ഒരിക്കൽ ശ്രീല പ്രഭുപാദർ എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു, “ആദ്യത്തെ ദീക്ഷ എടുത്തുകഴിഞ്ഞാൽ അൽപ്പമൊക്കെ ദാക്ഷിണ്യം ആകാമെങ്കിലും രണ്ടാം ദീക്ഷ എടുക്കുമ്പോൾ വളരെ കർശനമായിരിക്കണം” എന്ന്. ഗുരുവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം ഹരേകൃഷ്ണമഹാമന്ത്രം ജപിക്കുന്നതിലൂടെ ഒരാൾക്ക് ഭഗവാന്റെ അടുത്തേക്ക് മടങ്ങിപ്പോകാൻ കഴിയും. എന്നാൽ ആത്മീയജീവിതത്തിൽ അതീവശ്രദ്ധയും കാര്യഗൗരവവുമുള്ള ഒരു വ്യക്തിക്ക് ബ്രാഹ്മണദീക്ഷ സ്വീകരിക്കുന്നതിലൂടെ മനസ്സിനെ ഏകാഗ്രമാക്കാനും കൂടുതൽ കൃഷ്ണാവബോധവാനാകാനും സാധിക്കും. കൂടാതെ പ്രാണപ്രതിഷ്ഠ നടത്തിയ വിഗ്രഹങ്ങളെ ആരാധിക്കാനുള്ള യോഗ്യതയും ലഭിക്കും. ബ്രാഹ്മണദീക്ഷ സ്വീകരിക്കുന്ന വ്യക്തിക്ക് വളരെ ഉത്തരവാദിത്തമുണ്ടായിരിക്കണം. കാരണം ഒരു ബ്രാഹ്മണൻ കൂടുതൽ അറിവും അനുഭവസമ്പത്തുമുള്ള വ്യക്തിയായിരിക്കണം. അവർ ആത്മീയജീവിതത്തിൽ അശ്രദ്ധരായാൽ കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. അതിനാൽ രണ്ടാം ദീക്ഷ സ്വീകരിക്കുമ്പോൾ നാം വളരെ ശ്രദ്ധിക്കണം. എന്റെ എല്ലാ ശിഷ്യരും ആത്മീയജീവിതത്തെക്കുറിച്ച് വളരെ ഗൗരവമുള്ളവരായിരിക്കുകയും രണ്ടാം ദീക്ഷ സ്വീകരിക്കുകയും ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം. എന്നിരുന്നാലും ഭഗവത്തിങ്കലേക്ക് മടങ്ങിപ്പോകുന്നതിന് അത് ഒരു അത്യാവശ്യ ഘടകമല്ല.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭക്തിസാർവ്വഭൗമ ബിരുദത്തിനായുള്ള പരീക്ഷകൾ ഞാൻ വീണ്ടും എഴുതിത്തുടങ്ങി. ഇപ്പോൾ ഞാൻ ചൈതന്യചരിതാമൃതം ആദിലീലയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതിക്കൊണ്ടിരിക്കുകയാണ്. ഭക്തിശാസ്ത്രി പൂർത്തിയാക്കിയെന്നും തുടർന്ന് ഭക്തിവൈഭവ കോഴ്സ് പഠിക്കാൻ താല്പര്യമുണ്ടെന്നും അറിയിച്ചുകൊണ്ടുള്ള ധാരാളം കത്തുകൾ ശിഷ്യരിൽനിന്ന് എനിക്ക് ലഭിക്കാറുണ്ട്. നിത്യവും ഭഗവദ്ഗീത വായിക്കുകയും ഭഗവദ്തത്ത്വം മനസ്സിലാകുകയും ചെയ്താൽ പിന്നെ സർട്ടിഫിക്കറ്റ് എന്തിനാണെന്ന് മുമ്പ് ചിന്തിച്ചിരുന്നുവെന്നും പക്ഷേ ക്ലാസുകളിലും പരീക്ഷകളിലും പങ്കെടുത്തപ്പോൾ തത്ത്വം കൂടുതൽ ശ്രദ്ധയോടെ ശ്രവിക്കുവാനും മുമ്പ് അറിയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും കഴിയുമെന്ന് പിന്നീട് ബോധ്യമായെന്നും അവരിൽ ചിലർ പറഞ്ഞു. എന്റെ ശിഷ്യർ ശ്രീല പ്രഭുപാദരുടെ പുസ്തകങ്ങൾ ക്രമാനുസൃതം പഠിക്കുവാനും പരീക്ഷകൾ എഴുതുവാനും പ്രചോദിതരാകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവരും ശ്രീല പ്രഭുപാദരുടെ പുസ്തകങ്ങൾ പഠിച്ച് യോഗ്യത നേടിയാൽ വളരെ ഉത്തമമായിരിക്കും. പക്ഷാഘാതം വന്നതിനാൽ എനിക്ക് നന്നായി എഴുതുവാൻ കഴിയില്ല. പക്ഷേ ശ്രവിക്കാൻ സാധിക്കും. എല്ലാ ദിവസവും രാത്രി ജയരാധാകൃഷ്‌ണ ദാസ് ബ്രഹ്മചാരി എനിക്ക് ചൈതന്യചരിതാമൃതം വായിച്ചുതരാറുണ്ട്. മുംബൈയിലെ ബി.ബി.ടിയിൽ ‘ട്രാൻസ്‌സെൻഡ്’ എന്നൊരു ആപ്പ് ഉണ്ട്. ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളിലും അത് ലഭ്യമാണ്. ഒരാൾക്ക് എഴുതാനുള്ള കഴിവില്ലെങ്കിൽപ്പോലും വേദശാസ്ത്രങ്ങൾ കേൾക്കാനും വാമൊഴിയിലൂടെ പരീക്ഷ നൽകാനും ആ ആപ്പിലൂടെ സാധ്യമാണ്.

ശ്രീല പ്രഭുപാദരുടെയും ചൈതന്യഭഗവാന്റെയും ശിക്ഷണങ്ങളും ശ്രീമദ് ഭാഗവതവും പഠിച്ച് മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ കൂടുതൽ ആളുകളെ ഭക്തരാക്കുവാൻ നമുക്ക് കഴിയും. നമ്മൾ ഗോഷ്ഠ്യാനന്ദികളാണ്. ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കുവാനും ചൈതന്യഭഗവാന്റെ കാരുണ്യം പ്രപഞ്ചം മുഴുവൻ നിസ്സീമമായി വ്യാപിപ്പിക്കാനുമാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതിനാൽ ഭഗവാനെ എങ്ങനെ പ്രസാദിപ്പിക്കാനാകുമെന്ന് നാം സദാ ചിന്തിക്കണം. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഭഗവാനെ ഭക്തിപൂർവ്വം എങ്ങനെ സേവിക്കാമെന്ന് നിരന്തരം ചിന്തിക്കുന്ന ഒരാൾക്ക് എപ്പോഴും പരമാനന്ദം അനുഭവപ്പെടും. അതുകൊണ്ട് ശ്രീകൃഷ്ണഭഗവാനെ എങ്ങനെ സേവിക്കാനാകുമെന്ന് എപ്പോഴും ചിന്തിക്കാൻ ശ്രമിക്കുന്നത് അത്യുത്തമമായ കാര്യമാണ്.

നമ്മുടെ സംരക്ഷണത്തിനായി നിത്യവും നരസിംഹഭഗവാനോട് പ്രാർത്ഥിക്കാം. അശുഭങ്ങളായ എല്ലാ ഘടകങ്ങളെയും നശിപ്പിക്കാൻ തക്കവണ്ണം അതിശക്തനാണ് നരസിംഹഭഗവാൻ.

എപ്പോഴും ഹരേകൃഷ്ണ ജപിക്കുക, പഞ്ചതത്ത്വത്തിനെയും കൃഷ്ണനെയും സേവിക്കുക, കൃഷ്ണനെ സദാ സ്മരിക്കുക!

എപ്പോഴും നിങ്ങളുടെ അഭ്യുദയകാംക്ഷിയായ,
ജയപതാകസ്വാമി

ജെ.പി.എസ്/എസ്.എസ്.ഡി.ബി